സിദാൻ വീണ്ടും പരിശീലകനായി യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

2021ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്റെ പരിശീലകനാവാൻ തയ്യാറായിട്ടില്ല. ഇക്കാലയളവിൽ നിരവധി ക്ലബുകൾ മാനേജർ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും അവയെല്ലാം സിദാൻ നിഷേധിക്കുകയായിരുന്നു. 2022 ഖത്തർ ലോകകപ്പിനു ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകനാവുകയെന്ന ലക്‌ഷ്യമുള്ളതു കൊണ്ടാണ് സിദാൻ മറ്റുള്ള ഓഫറുകളെല്ലാം തഴഞ്ഞതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

എന്നാൽ 2022 ലോകകപ്പിൽ ഫ്രാൻസ് ഫൈനൽ വരെയെത്തിയതോടെ ദെഷാംപ്‌സിന് വീണ്ടും കരാർ നൽകുകയാണ് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ചെയ്‌തത്‌. 2026 ലോകകപ്പ് വരെയാണ് ദെഷാംപ്‌സിന്റെ കരാർ. ഇതോടെ ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ അടുത്തൊന്നും സിദാന് അവസരം ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതിൽ പലർക്കും അതൃപ്‍തിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാക്കാൻ സാധ്യതയില്ലാത്തതിനാൽ സിദാൻ തിരിച്ചു വരവിനൊരുങ്ങുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം സിദാൻ മുൻപ് കളിച്ചിരുന്ന ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കാണ് അദ്ദേഹം ചേക്കേറാൻ സാധ്യത. ഈ സീസണിൽ യുവന്റസ് അത്ര മികച്ച ഫോമിലല്ല കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന മത്സരത്തിൽ നാപ്പോളിയോട് ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയ യുവന്റസ് നാപ്പോളിക്ക് പത്തു പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അല്ലെഗ്രിക്ക് സ്ഥാനം നഷ്‌ടമായേക്കാം.

പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു വേണ്ടി സിദാനും യുവന്റസ് നേതൃത്വവും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ സീസണിനിടയിൽ അല്ലെഗ്രിയെ പുറത്താക്കി സിദാനെ നിയമിക്കാനുള്ള സാധ്യതയില്ല. ഈ സീസണിൽ യുവന്റസിന്റെ പ്രകടനം വിലയിരുത്തിയതിനു ശേഷമാകും സിദാന് അവസരം നൽകുക. അല്ലെഗ്രിക്ക് തന്റെ സ്ഥാനം നിലനിർത്താൻ ഈ സീസൺ അവസാനിക്കുന്നതു വരെ സമയമുള്ളൂ എന്ന് ചുരുക്കം.