അമ്പമ്പോ എന്തൊരു ഗോൾ, അണ്ടർ 20 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ നേടി അർജന്റീന താരം | Argentina U20

സൗത്ത് അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മോശം പ്രകടനം നടത്തി ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും അണ്ടർ 20 ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് അർജന്റീന നടത്തുന്നത്. ടൂർണമെന്റിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ച് നോക്ക്ഔട്ടിലേക്ക് നേരത്തെ തന്നെ കിടന്നിരുന്ന അർജന്റീന കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ ന്യൂസിലാൻഡിനെയും തകർത്തു വിടുകയുണ്ടായി.

എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അർജന്റീന ന്യൂസിലൻഡിനെ കീഴടക്കിയത്. ഇഗ്‌നാസിയോ മാസ്റ്ററോ പുച്, ഗിനോ ഇൻഫാന്റിനോ, ലൂക്ക റോമെറോ എന്നിവർ നേടിയ ഗോളിൽ ആദ്യപകുതിയിൽ മുന്നിലെത്തിയ അർജന്റീന അതിനു ശേഷം ബ്രയൻ ആഗ്വയർ പെനാൽറ്റിയിലൂടെയും അലഹോ വെലസ് നേടിയ ഗോളിലൂടെയും ആണ് പട്ടിക തികച്ചത്. മത്സരത്തിൽ ലൂക്ക റോമെറോ നേടിയ ഗോളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.

മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിൽ മധ്യനിരയിൽ നിന്നും മൂന്നു എതിരാളികളെ മികച്ച പന്തടക്കത്തോടെ വെട്ടിച്ച ലാസിയോ താരം അതിനു ശേഷം പന്തുമായി ഒറ്റക്ക് മുന്നേറുകയായിരുന്നു. തുടർന്ന് പോസ്റ്റിന്റെ നാൽപതു വാര അകലെ നിന്നും താരം തൊടുത്ത മിന്നൽ ഷോട്ട് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെയാണ് വലയിലേക്ക് കയറിയത്. കഴിഞ്ഞ മത്സരത്തിലും ഒരു ഗോൾ നേടിയിരുന്ന താരം ഇന്നലെ ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും മികച്ച വിജയം നേടിയ അർജന്റീന ഒന്നാം സ്ഥാനക്കാരായി തന്നെ നോക്ക്ഔട്ടിലേക്ക് മുന്നേറി. മൂന്നു മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളാണ് അർജന്റീന അടിച്ചു കൂട്ടിയത്. ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലായിരുന്നെങ്കിലും ആതിഥേയരെന്ന നിലയിൽ കളിക്കാനാവസരം ലഭിച്ച അർജന്റീന കിരീടം നേടുമെന്നുറപ്പിച്ചുള്ള പ്രകടനം തന്നെയാണ് നടത്തുന്നത്.

Luka Romero Goal For Argentina U20 Against Newzealand U20