റയൽ മാഡ്രിഡിനെ തടുക്കാൻ ഇനിയാർക്ക് കഴിയും, റെക്കോർഡ് ട്രാൻസ്‌ഫർ അടുത്തയാഴ്‌ച പ്രഖ്യാപിക്കും | Real Madrid

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ സീസൺ അത്ര മികച്ചതായിരുന്നു എന്നു പറയാൻ കഴിയില്ല. എങ്കിലും ക്ലബ് ലോകകപ്പും കോപ്പ ഡെൽ റേയും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞു. ലീഗിൽ ബാഴ്‌സലോണക്ക് വളരെ പിന്നിലായിപ്പോയി കിരീടം അടിയറവു വെച്ച അവർ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെയെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് വമ്പൻ തോൽവി വഴങ്ങി പുറത്തായി.

അടുത്ത സീസണിലേക്കു ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ച റയൽ മാഡ്രിഡ് അതിന്റെ ഭാഗമായി വമ്പൻ സൈനിങ്‌ നടത്താനുള്ള ഒരുക്കത്തിലാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. അടുത്തയാഴ്‌ച താരത്തിന്റെ സൈനിങ്‌ റയൽ മാഡ്രിഡ് പൂർത്തിയാക്കി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇനിയൊരു മത്സരം ബാക്കിയുള്ളതിൽ വിജയം നേടിയാൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഈ സീസണിലെ ലീഗ് കിരീടം സ്വന്തമാക്കും. പന്ത്രണ്ട് വർഷത്തിന് ശേഷം ടീമിന് ലീഗ് നേടിക്കൊടുക്കാനുള്ളതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പത്തൊമ്പതുകാരനായ താരം അതിനു ശേഷം റയൽ മാഡ്രിഡുമായുള്ള കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2029 വരെയുള്ള കരാറാണ് ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡുമായി ഒപ്പുവെക്കുക.

നൂറു മില്യൺ യൂറോയാണ് താരത്തിനായി റയൽ മാഡ്രിഡ് ആദ്യം നൽകുക. എന്നാൽ ബോണസുകൾ ഉൾപ്പെടെ 130 മില്യൺ യൂറോയായി അത് വർധിക്കും. കരാർ ഒപ്പുവെക്കുന്നതോടെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറാകും മുൻ ബെർമിങ്ഹാം സിറ്റി താരത്തിന്റേത്. ബെല്ലിങ്‌ഹാമിന്റെ ഘട്ടമായി വർധിക്കുന്ന തരത്തിലാണ് കരാറുള്ളത്.

മോഡ്രിച്ച്, ക്രൂസ് എന്നിവർ കരിയറിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കെ ദീർഘകാലത്തേക്ക് മധ്യനിര ശക്തിപ്പെടുത്താൻ മികച്ചൊരു സൈനിങാണ് റയൽ മാഡ്രിഡ് നടത്തുന്നത്. കമവിങ്ങ, ഷുവാമെനി എന്നീ താരങ്ങലുള്ള മധ്യനിരയിൽ പുതിയൊരു ത്രയം ഇനി രൂപപ്പെടും. മോഡ്രിച്ച്-ക്രൂസ്-കസമീറോ ത്രയം പോലെ അവർ നേട്ടങ്ങൾ സ്വന്തമാക്കി നൽകുമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

Real Madrid Will Complete Jude Bellingham Signing Next Week