മെസിക്കൊപ്പം ഡി മരിയയെ ഒരുമിപ്പിക്കാൻ ബാഴ്‌സലോണ, മറ്റു രണ്ടു ക്ലബുകളും താരത്തിനായി രംഗത്ത് | Angel Di Maria

ഏഞ്ചൽ ഡി മരിയ യുവന്റസ് കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ക്ലബിന്റെ പോയിന്റ് വെട്ടിക്കുറക്കാനുള്ള തീരുമാനം വീണ്ടും വരുന്നത്. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് യുവന്റസ് വീണു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ യുവന്റസ് എത്തിയതോടെ കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും ഡി മരിയ പുറകോട്ടു പോകുന്നുവെന്നാണ് സൂചനകൾ.

ഈ സീസണോടെ ഫ്രീ ഏജന്റായി മാറുന്ന ഏഞ്ചൽ ഡി മരിയക്ക് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുപ്പത്തിയഞ്ചാം വയസിലും മികച്ച പ്രകടനം നടത്തുന്ന താരം വമ്പൻ പോരാട്ടങ്ങളിൽ തിളങ്ങാനുള്ള കഴിവ് കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ തെളിയിച്ചിരുന്നു. അതിനു പുറമെ താരത്തിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താൻ കഴിയുമെന്നതുമാണ് ക്ലബുകൾക്ക് ഡി മരിയയിൽ താൽപര്യമുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം.

റിപ്പോർട്ടുകൾ പ്രകാരം താരത്തിൽ താൽപര്യമുള്ള ക്ലബുകളിൽ ഒന്നാണ്. കഴിഞ്ഞ സമ്മറിൽ തന്നെ ഡി മരിയക്കായി ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു. എന്നാൽ റാഫിന്യ വന്നതോടെ ആ ശ്രമം ക്ലബ് വേണ്ടെന്നു വെച്ചു. ഇപ്പൊൾ ലയണൽ മെസിയെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി റാഫിന്യയെ വിൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഈ സമ്മറിൽ ഡി മരിയയെ സ്വന്തമാക്കാൻ ക്ലബ് വീണ്ടും ശ്രമം നടത്തുന്നുണ്ട്. മെസിയും ഡി മരിയയും ഒരുമിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു.

താരത്തിനായി നിലവിൽ സജീവമായ ശ്രമം നടത്തുന്ന രണ്ടു ക്ലബുകൾ ബെൻഫിക്കയും ഗാലത്സാരയുമാണ്. പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ ഡി മരിയ മുൻപ് കളിച്ചതിനാൽ താരം അവിടേക്ക് ചേക്കേറാനുള്ള സാധ്യത കൂടുതലാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിനും ഡി മരിയയിൽ താൽപര്യമുണ്ട്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെൻറിൽ പങ്കെടുക്കണമെന്നതിനാൽ യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഡി മരിയ സൗദിയിൽ നിന്നുള്ള ഓഫറൊന്നും പരിഗണിക്കുന്നില്ല.

Barcelona Maybe Angel Di Maria Next Club