മെസിയും അർജന്റീനയുമാണ് തനിക്ക് പ്രിയപ്പെട്ടത്, സെഞ്ചുറി വീരൻ ശുഭ്‌മാൻ ഗിൽ പറയുന്നു | Shubman Gill

2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തരംഗമായി മാറുകയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റ്‌സ്‌മാനായ ശുഭ്‌മാൻ ഗിൽ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കാൻ ഗുജറാത്ത് ടൈറ്റൻസിനെ സഹായിച്ചത് ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയാണ്. ഐപിഎൽ ഈ സീസണിൽ മൂന്നാം സെഞ്ചുറി നേടിയ താരത്തിന്റെ ഗംഭീരഫോം ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ക്രിക്കറ്റർ കൂടിയാണ് ശുഭ്‌മാൻ ഗില്ലെന്നത് പലർക്കുമറിയാവുന്ന കാര്യമാണ്. ഖത്തർ ലോകകപ്പിന്റെ സമയത്ത് അദ്ദേഹം നടത്തിയ ട്വീറ്റുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലോകകപ്പിനു മുൻപ് ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ആരെയാണ് കൂടുതൽ പ്രിയമെന്ന ചോദ്യം നേരിട്ടപ്പോൾ ലയണൽ മെസിക്കും അർജന്റീനക്കുമാണ് ഗിൽ തന്റെ പിന്തുണ നൽകിയത്.

” മെസി, റൊണാൾഡോ എന്നിവരെ പരിഗണിക്കുമ്പോൾ, ശാരീരിക അസ്വസ്ഥതകൾ ഒരുപാടുണ്ടായിട്ടും ഇവിടെവരെയെത്താൻ ലയണൽ മെസി നടത്തിയ പ്രയത്നത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങിനെയൊരു ശരീരപ്രകൃതി വെച്ച് താരം കരിയറിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ഞെട്ടിക്കുന്ന ഒന്നാണ്. പോർച്ചുഗൽ, അർജന്റീന എന്നിവരിൽ ലയണൽ മെസി കാരണം അർജന്റീന ലോകകപ്പിൽ മുന്നേറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” ഗില്ലിന്റെ വാക്കുകൾ ഇങ്ങിനെയായിരുന്നു.

ഗില്ലിന്റെ ആഗ്രഹം പോലെത്തന്നെ അർജന്റീന ലോകകപ്പ് നേടിയപ്പോൾ താരം ട്വീറ്റ് ചെയ്‌തത്‌ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസിയാണെന്ന് കുറിച്ച ഗിൽ അതിനൊപ്പം റൊണാൾഡോ തന്റെ ട്രേഡ്‌മാർക്ക് സെലിബ്രെഷനിൽ ഉപയോഗിക്കുന്ന സൂയ് എന്ന വാക്കു കൂടി അതിനൊപ്പം ചേർത്തിരുന്നു. പോർച്ചുഗൽ താരത്തെ ഗിൽ പരോക്ഷമായി ട്രോളിയതാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

When Shubman Gill Picks Lionel Messi Over Cristiano Ronaldo