മെസിയുടെ പകരക്കാരനാവണം, റയൽ മാഡ്രിഡിന്റെ ഓഫർ തള്ളി അസെൻസിയോ ക്ലബ് വിടുന്നു | Marco Asensio

റയൽ മാഡ്രിഡ് താരമായ അസെൻസിയോ ഈ സീസണിനു ശേഷം ഫ്രീ ഏജന്റായി ക്ലബ് വിടാനൊരുങ്ങുന്നു. ജൂൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരത്തിന് അത് പുതുക്കാനുള്ള ഓഫർ റയൽ മാഡ്രിഡ് നൽകിയെങ്കിലും താരം അത് നിരസിച്ചുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2014 മുതൽ റയൽ മാഡ്രിഡിൽ എത്തിയ അസെൻസിയോ ക്ലബിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.

കരാർ പുതുക്കാൻ റയൽ മാഡ്രിഡ് മുന്നോട്ടു വെച്ച ഓഫർ സാമ്പത്തികപരമായി അസെൻസിയോക്ക് സ്വീകാര്യമായ ഒന്നായിരുന്നു. എന്നാൽ വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ സ്ഥിരസാന്നിധ്യമായി മാറിയതോടെ റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്ത വർഷം യൂറോ കപ്പ് നടക്കുമെന്നിരിക്കെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബിലെത്തി ദേശീയ ടീമിൽ ഇടം നേടുകയെന്ന ഉദ്ദേശം കൂടി താരത്തിനു മുന്നിൽ ഉണ്ടാകും.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്. ആസ്റ്റൺ വില്ല, യുവന്റസ്, എസി മിലാൻ എന്നീ ക്ലബുകളുടെ ഓഫർ അസെൻസിയോക്ക് മുന്നിലുണ്ടെങ്കിലും താരം പരിഗണിക്കാൻ സാധ്യത പിഎസ്‌ജിയുടേതാണെന്ന് ഇഎസ്‌പിഎൻ വെളിപ്പെടുത്തുന്നു. അസെൻസിയോയുടെ ഏജന്റായ ജോർജ് മെന്ഡസും പിഎസ്‌ജി ഡയറക്റ്റർ ലൂയിസ് കാംപോസും തമ്മിൽ മികച്ച ബന്ധമുള്ളത് ട്രാൻസ്‌ഫറിനു കൂടുതൽ സാധ്യത തുറക്കുന്നു.

ഈ സീസണോടെ ലയണൽ മെസി, നെയ്‌മർ തുടങ്ങി നിരവധി താരങ്ങൾ പിഎസ്‌ജി വിടുമെന്നുറപ്പാണ്. ലയണൽ മെസിയുടെ അതെ പൊസിഷനിൽ കളിക്കുന്ന അസെൻസിയോക്ക് കൂടുതൽ അവസരങ്ങൾ പിഎസ്‌ജിയിൽ ലഭിക്കുമെന്നുറപ്പാണ്. ഇരുപത്തിയേഴു വയസ് മാത്രം പ്രായമുള്ള അസെൻസിയോക്ക് ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള സമയം ഇനിയുമുണ്ടെന്നിരിക്കെ എംബാപ്പെക്കൊപ്പം ആക്രമണത്തിൽ അണിനിരത്താനുള്ള പദ്ധതിയാണ് ഫ്രഞ്ച് ക്ലബിന്റേത്.

Marco Asensio Leaving Real Madrid PSG Possible Destination