ലിവർപൂളിനെ അട്ടിമറിക്കാൻ മാഞ്ചസ്റ്റർ സിറ്റി, അർജന്റീന താരത്തിന്റെ ട്രാൻസ്‌ഫറിൽ വലിയ ട്വിസ്റ്റ് | Alexis Mac Allister

ഖത്തർ ലോകകപ്പിന് ശേഷം ലോകഫുട്ബോളിൽ കൂടുതൽ പേരെടുത്ത താരമാണ് അലക്‌സിസ് മാക് അലിസ്റ്റർ. പകരക്കാരനായി ലഭിച്ച അവസരം മുതലെടുത്ത് പിന്നീടു ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ മാക് അലിസ്റ്റർ അർജന്റീനക്കു കിരീടം സ്വന്തമാക്കി നൽകാൻ നിർണായക പങ്കു വഹിക്കുകയുണ്ടായി. അതിനു ശേഷം ജനുവരിയിൽ താരത്തിന് നിരവധി ഓഫറുകൾ ലഭിച്ചെങ്കിലും അലിസ്റ്റർ ബ്രൈറ്റണിൽ തന്നെ തുടരുകയായിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുള്ള അലിസ്റ്റർക്കു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത് ലിവർപൂളായിരുന്നു. മധ്യനിരയിൽ നിന്നും മൂന്നു താരങ്ങൾ ക്ലബ് വിടുന്നതിനു പകരക്കാരിൽ ഒരാളായാണ് അലിസ്റ്ററെ ലിവർപൂൾ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നത്. താരം ലിവർപൂളിലേക്ക് ചേക്കേറാൻ സമ്മതം മൂളിയെന്നും പത്താം നമ്പർ ജേഴ്‌സി റെഡ്‌സ് മാറ്റിവെച്ചിട്ടുണ്ടെന്നും ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ടു ചെയ്‌തിരുന്നത്‌.

എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം മാക് അലിസ്റ്റർക്കായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തു വന്നിട്ടുണ്ട്. ഈ സീസണിനു ശേഷം ഇൽകെയ് ഗുൻഡോഗൻ, ബെർണാഡോ സിൽവ എന്നീ താരങ്ങൾ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യതയുണ്ട്. ഇവർക്ക് പകരുമെന്ന നിലയിലാണ് മാഞ്ചസ്റ്റർ സിറ്റി അർജന്റീന താരത്തിനായി ശ്രമം നടത്തുന്നത്. പ്രീമിയർ ലീഗിൽ താരത്തിനുള്ള പരിചയസമ്പത്തും വമ്പൻ പോരാട്ടങ്ങളിൽ തിളങ്ങാനുള്ള കഴിവും അലിസ്റ്ററിന്റെ ഗുണമാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ വന്നാൽ അലിസ്റ്റർ അത് സ്വീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ലിവർപൂളിനെ അപേക്ഷിച്ച് മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്നത് അലിസ്റ്റർ പരിഗണിക്കുമെന്ന് ഉറപ്പാണ്. ലിവർപൂൾ യൂറോപ്പ ലീഗിലാവും അടുത്ത സീസണിൽ കളിക്കുക. അതിനു പുറമെ പ്രീമിയർ ലീഗിൽ വമ്പൻ പ്രകടനം നടത്തുന്ന പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിക്കുന്നത് താരത്തിന്റെ നിലവാരം ഉയരാനും സഹായിക്കും.

Man City To Hijack Alexis Mac Allister Transfer