വേഗതയും അപാര ഡ്രിബ്ലിങ്ങും, ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം നേടിയത് രണ്ടു കിടിലൻ ഗോളുകൾ | Dorny Romero

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോർണി റൊമേറോയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. സൗത്ത് അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ ക്ലബായ ഓൾവെയ്‌സ് റെഡിയിൽ കളിക്കുന്ന താരമായ ഡോർണി റൊമേറോക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായ ഓഫർ നൽകിയിട്ടുണ്ട്. ഈ ഓഫർ ലെറ്ററും കഴിഞ്ഞ ദിവസങ്ങളിൽ ലീക്ക് ആയിരുന്നു.

ക്ലബ് തലത്തിൽ മികച്ച പ്രകടനമാണ് ഡോർണി റോമെറോ ബൊളീവിയൻ ക്ലബിനായി നടത്തുന്നത്. ഈ സീസണിൽ എട്ടു മത്സരങ്ങൾ ലീഗിൽ കളിച്ച താരം പത്തു ഗോളുകൾ നേടിയിട്ടുണ്ട്‌. റോയൽ പാരി സിയോണിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും താരം രണ്ടു ഗോളുകൾ നേടിയിരുന്നു. താരത്തിന്റെ അപാരമായ വേഗതയും ഡ്രിബ്ലിങ് മികവും വ്യക്തമാക്കുന്ന ഗോളുകലായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്‌സിന് താരത്തെ ലഭിച്ചാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.

അതേസമയം താരത്തെ സ്വന്തമാക്കുക ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. താരത്തിനായി ഒന്നരക്കോടിയോളം രൂപ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ ഫീസായി മുടക്കേണ്ടി വരുമെന്നാണ് ഈ വാർത്ത പുറത്തു വിട്ട അലക്‌സ് കാബോ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് ഡോർണി റൊമേരോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. താരത്തിനും ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വിദേശതാരമായ ദിമിത്രി ഡയമെന്റാക്കോസിന്റെ കരാർ പുതുക്കിയിരുന്നു. അതിനു പുറമെ ഓസ്‌ട്രേലിയൻ ലീഗിലെ താരമായ ജോഷുവായെയും ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്. റൊമേരോയെ സ്വന്തമാക്കാൻ ക്ലബിന് കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും നിലവിൽ പുതിയ റിപ്പോർട്ടുകളൊന്നും അതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ല.

Kerala Blasters Target Dorny Romero Goals Last Match