ലയണൽ മെസി തന്റെ സ്ഥാനം തെറിപ്പിക്കുമെന്നു പേടിയാണ്, താരം വന്നാൽ പരിശീലനത്തിനു പോലും പോകില്ലെന്ന് സൗദി ഡിഫൻഡർ | Lionel Messi

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഫ്രാൻസ് വിടാൻ തയ്യാറെടുത്തു നിൽക്കെ നിരവധി ക്ലബുകൾ താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ താരത്തിനായി വമ്പൻ ഓഫറുമായി രംഗത്തുണ്ട്. എന്നാൽ താരം അൽ ഹിലാലിലേക്ക് ചേക്കേറുന്നത് തനിക്ക് പേടിയാണെന്നാണ് സൗദി അറേബ്യയുടെയും അൽ ഹിലാലിന്റെയും പ്രതിരോധതാരമായ അലി അൽ ബുലായ്ഹി പറയുന്നത്.

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യ ആയിരുന്നു എതിരാളികൾ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന തോൽവി വഴങ്ങിയ മത്സരത്തിൽ ലയണൽ മെസിയെ പ്രകോപിതനാക്കാൻ നിരവധി സൗദി താരങ്ങൾ ശ്രമം നടത്തിയിരുന്നു. അതിൽ പ്രധാനിയാണ് അൽ ബുഹ്‌ലി. അതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച താരം ആ രോഷം ലയണൽ മെസിക്ക് ഇപ്പോഴും ഉണ്ടാകുമെന്നാണ് തമാശരൂപത്തിൽ പറഞ്ഞത്.

“എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. അഞ്ചാം നമ്പർ ജേഴ്‌സി അണിയുന്ന താരത്തെ എനിക്കു വേണ്ടെന്നു മെസി പറയുമെന്ന പേടി എനിക്കുണ്ട്. മെസി വരുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല, പക്ഷെ താരം വന്നാൽ എന്നെ ദൈവം തന്നെ രക്ഷിക്കണം. താരം വന്നാൽ രണ്ടു ദിവസം ഞാൻ പരിശീലനത്തിനു പോലും പോകാതെ സാഹചര്യം നിരീക്ഷിക്കും, മെസി എന്നെ മറന്നു പോകുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” അൽ ബുലായ്ഹി പറഞ്ഞു.

അതേസമയം ലയണൽ മെസിയെ നേരിടാൻ തനിക്ക് യാതൊരു പേടിയുമില്ലെന്നാണ് അൽ ബുലായ്ഹി പറയുന്നത്. 2018 ലോകകപ്പിൽ യുറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ കവാനി, സുവാരസ് എന്നിവരെ നേരിട്ട തനിക്ക് ഇനി മൂന്നു മെസി മുന്നിൽ വന്നാലും യാതൊരു ആശങ്കയുമില്ലെന്നാണ് താരം പറയുന്നത്. മെസി മികച്ചൊരു കളിക്കാരൻ തന്നെയാണെന്ന് സമ്മതിച്ച സൗദി അറേബ്യൻ താരം കളിക്കളത്തിൽ പതിനൊന്നു പേർ പതിനൊന്നു പേർക്കെതിരെയാണ് നിൽക്കുകയെന്നും വ്യക്തമാക്കി.

Saudi Defender Fears Lionel Messi Will Axe Him