കാൻസർ ബാധിതനായി, മുഖത്ത് മൂന്നു ശസ്ത്രക്രിയ നടത്തിയെന്ന് മാനുവൽ ന്യൂയർ
ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ താൻ കാൻസർ ബാധിതനാണെന്നു സ്ഥിരീകരിച്ച് ജർമനിയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ മാനുവൽ ന്യൂയർ. മുഖത്താണ് താരത്തിന് അർബുദം ബാധിച്ചിരിക്കുന്നത്. ഇതിന്റെ ചികിത്സക്കായി മൂന്നു ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും താരം അറിയിച്ചു.
ടെന്നീസ് താരം ഏഞ്ചലിക് കെർബർക്കൊപ്പം ത്വക്സംബന്ധമായ ഒരു ഉൽപന്നം പുറത്തിറക്കിയതിനൊപ്പമാണ് തന്റെ അസുഖത്തെ സംബന്ധിച്ച വിവരം ന്യൂയർ വെളിപ്പെടുത്തിയത്. കെർബർക്കും തനിക്കും ത്വക് സംബന്ധമായ അസുഖത്തിന്റെ ചരിത്രമുണ്ടെന്നു പറഞ്ഞ താരം മുഖത്ത് കാൻസർ ബാധിച്ച വിവരവും അതിനൊപ്പം വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ സൂര്യപ്രകാശത്തിൽ നിന്നും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും താരം പറഞ്ഞു.
അർബുദത്തിനു ചികിത്സ നടത്തിയെങ്കിലും മാനുവൽ ന്യൂയർക്ക് ലോകകപ്പ് നഷ്ടമാകാൻ സാധ്യതയില്ല. ഒക്ടോബറിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന മത്സരത്തിൽ തോളിനു പരിക്കേറ്റ താരത്തിന് ടൂർണമെന്റ് നഷ്ടമാകുമോയെന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച യൂണിയൻ ബെർലിനെതിരെ നടക്കുന്ന മത്സരത്തിൽ ന്യൂയർ തിരിച്ചെത്തുമെന്ന് ബയേൺ പരിശീലകൻ സ്ഥിരീകരിച്ചിട്ടുണ്ട്.
Manuel Neuer has revealed he has had three operations for skin cancer on his face. pic.twitter.com/Z1zaoNWDAs
— ESPN FC (@ESPNFC) November 2, 2022
മുപ്പത്തിയാറു വയസായെങ്കിലും ഇപ്പോഴും ബയേൺ മ്യൂണിക്കിന്റെയും ജർമനിയുടെയും പ്രധാനപ്പെട്ട ഗോൾകീപ്പറാണ് മാനുവൽ ന്യൂയർ. തന്റെ പരിചയസമ്പത്ത് കളിക്കളത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്ന താരത്തിന്റെ പൊസിഷനിംഗ് മികവ് അപാരമാണ്. നിരവധി മികച്ച കീപ്പർമാരുണ്ടെങ്കിലും ഇപ്പോഴും ന്യൂയറുടെ കൈകളെ തന്നെയാണ് ജർമനി വിശ്വസിക്കുന്നത്.