റൊണാൾഡോയെ ഞെട്ടിച്ച് ഇൻസ്റ്റഗ്രാം, ഒരു ദിവസം കൊണ്ടു നഷ്ടമായത് മുപ്പതു ലക്ഷം ഫോളോവേഴ്‌സ്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ രാജാവായ ക്രിസ്ത്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന താരം കൂടിയാണ്. ഇൻസ്റ്റഗ്രാം വഴി കഴിഞ്ഞ വർഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ വ്യക്തി കൂടിയാണ് റൊണാൾഡോ. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മൂന്നു ക്ലബുകളിൽ കളിച്ചതും ഫുട്ബോൾ ലോകത്ത് സാധ്യമായ നേട്ടങ്ങളിൽ ഭൂരിഭാഗവും സ്വന്തമാക്കിയതും റൊണാൾഡോയുടെ ആരാധകപിന്തുണ കൂടാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം റൊണാൾഡോയെ ഞെട്ടിച്ച് മൂന്നു മില്യൺ ഫോളോവേഴ്സിനെയാണ് താരത്തിന് ഒറ്റയടിക്ക് ഇൻസ്റ്റഗ്രാമിൽ നിന്നും നഷ്ടമായത്. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന താരം ചില വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതൊന്നും കാരണമല്ല റൊണാൾഡോക്ക് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ നഷ്ടമായത്. ലോകവ്യാപകമായി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലുണ്ടായ തകരാറാണ് റൊണാൾഡോക്ക് ഫോളോവേഴ്സിനെ നഷ്ടമാക്കിയത്.

ലോകമെമ്പാടുമുള്ള നിരവധിയാളുകളെ ഇൻസ്റ്റഗ്രാമിലുണ്ടായ പ്രശ്നം ബാധിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഫോളോവേഴ്സിനെ നഷ്ടമായതിനൊപ്പമാണ് റൊണാൾഡോയുടെ ഫോളോവേഴ്സിന്റെ എണ്ണവും കുറഞ്ഞത്. ഇൻസ്റ്റഗ്രാം ഈ തകരാറു പരിഹരിച്ചതോടെ ഈ ഫോളോവേഴ്സ് തിരിച്ചെത്തുകയും ചെയ്തു. 493 മില്യൺ ഫോളോവേഴ്സ് റൊണാൾഡോക്കുണ്ട്.

റൊണാൾഡോയാണ് ഏറ്റവുമധികം ഫോളോവേഴ്സിനെ നഷ്ടമായ സെലിബ്രിറ്റി. ഇതിനു പുറമെ കെയ്ലി ജെന്നറിന് പതിനൊന്നു ലക്ഷം പേരെയും ഡ്വയ്ൻ റോക്ക് ജോൺസണ് ഏഴര ലക്ഷവും ഗായിക ടെയ്ലർ സ്വിഫ്റ്റിന് ആറു ലക്ഷവും ഫോളോവേഴ്സ് നഷ്ടമായി. ഇതെല്ലാം ഇൻസ്റ്റഗ്രാം പിന്നീട് പരിഹരിക്കുകയും ചെയ്തു.