ആന്റണിയെ പമ്പരം പോലെ കറക്കി ബ്രൈറ്റൺ താരങ്ങൾ, സഹികെട്ട് ബ്രസീലിയൻ താരത്തിന്റെ കയ്യാങ്കളി | Antony

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആധികാരികമായി തന്നെയാണ് ബ്രൈറ്റൻ കീഴടക്കിയത്. സ്വന്തം മൈതാനത്ത് ബ്രൈറ്റൻ ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോളുകൾ അകന്നു നിന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ അവർക്കും കഴിഞ്ഞില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ ലൂക്ക് ഷായുടെ ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് മാക് അലിസ്റ്ററാണ് ബ്രൈറ്റണ് അർഹിച്ച വിജയം നൽകിയത്.

മത്സരത്തിന് ശേഷം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന രസകരമായ സംഭവം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആന്റണിയെ ബ്രൈറ്റൻ താരങ്ങൾ വട്ടം കറക്കിയ ദൃശ്യമാണ്. അറുപത്തിയൊമ്പതാം മിനുട്ടിൽ ബ്രൈറ്റൻ ബോക്‌സിനടുത്തു വെച്ച് പന്തെടുക്കാൻ ആന്റണി ശ്രമം നടത്തിയെങ്കിലും മികച്ച പന്തടക്കമുള്ള ബ്രൈറ്റൻ താരങ്ങൾ അതിനു സമ്മതിച്ചില്ല. വൺ ടച്ച് പാസുകളുമായി പന്ത് കാത്ത് സൂക്ഷിച്ചു കൊണ്ട് ആന്റണിയെ വട്ടം കറക്കുകയായിരുന്നു അവർ ചെയ്‌തത്‌.

ഇതിൽ അരിശം കൊണ്ട ആന്റണി ഒടുവിൽ മാക് അലിസ്റ്ററെ അകാരണമായി ഫൗൾ ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്‌തു കൊണ്ടു രംഗത്തു വന്ന ബ്രൈറ്റൻ നായകനായ ലൂയിസ് ഡങ്കിനെ കയ്യേറ്റം ചെയ്യാനും താരം ശ്രമിച്ചു. രണ്ടു തവണയാണ് ബ്രസീലിയൻ താരം ബ്രൈറ്റൻ നായകനെ ദേഹത്തു പോയി ഇടിച്ചത്. എന്നാൽ ആന്റണിയേക്കാൾ കരുത്തനും ശാരീരികക്ഷമത കൂടിയവനുമായ ഡങ്കിനെ ഒന്നു കുലുക്കാൻ പോലും ആന്റണിക്ക് കഴിഞ്ഞില്ല. ഇതിനെയും ആരാധകർ ട്രോളുന്നുണ്ട്.

അവസാനത്തെ മൂന്നു മത്സരത്തിൽ രണ്ടെണ്ണത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടാൻ കഴിഞ്ഞില്ല. ടോട്ടനത്തിനെതിരെ സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം ആസ്റ്റൺ വില്ലക്കെതിരെ ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ബ്രൈട്ടനെതിരെ തോൽവി വഴങ്ങിയതോടെ സീസൺ അവസാനിക്കുന്ന സമയത്ത് ടീമിന്റെ ഫോമിനെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. നിലവിൽ ടോപ് ഫോർ ഉറപ്പിക്കുന്ന കാര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഭീഷണി നേരിടുന്നു.

Antony Clashed With Lewis Dunk In Brighton Vs Man Utd