പാളിപ്പോയ ഓവർഹെഡ് കിക്ക് ശ്രമത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌ത്‌ റൊണാൾഡോ, കുറച്ച് ഓവറല്ലേയെന്ന് ആരാധകർ

സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യത്ത മത്സരം കളിച്ചത്. റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും അൽ ഇത്തിഫാകും തമ്മിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ റൊണാൾഡോ ഗോൾ നേടിയില്ലെങ്കിലും അൽ നസ്ർ വിജയിച്ചു. ബ്രസീലിയൻ താരം ടലിസ്‌ക നേടിയ ഒരേയൊരു ഗോളിലാണ് അൽ നസ്ർ വിജയം നേടിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും അവർക്ക് കഴിഞ്ഞു.

മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ആരാധകർ പ്രതീക്ഷിച്ചതു പോലെ പിഎസ്‌ജിക്കെതിരെ നേടിയതു പോലെ ഒരു ഗോളൊന്നും താരത്തിൽ നിന്നും ഉണ്ടായിരുന്നില്ലെങ്കിലും ടീമുമായി കൂടുതൽ ഇണങ്ങിച്ചേർന്നാൽ കൂടുതൽ നല്ല പ്രകടനം നടത്താൻ കഴിയുമെന്ന് റൊണാൾഡോ തെളിയിച്ചു. മുപ്പത്തിയെട്ടാം വയസിലും കളം നിറഞ്ഞു നിൽക്കാൻ റൊണാൾഡോക്ക് കഴിഞ്ഞുവെന്നും പറയാവുന്നതാണ്.

അതേസമയം മത്സരത്തിനു ശേഷം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തെ ആരാധകർ ട്രോളുകയാണിപ്പോൾ. മത്സരത്തിനിടയിൽ റൊണാൾഡോ ഒരു ഓവർഹെഡ് കിക്ക് ചെയ്യാൻ ശ്രമം നടത്തിയിരുന്നു. ഇത് കൃത്യമായി കണക്റ്റ് ചെയ്യാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് എതിർ പ്രതിരോധതാരത്തിന്റെ ദേഹത്ത് കാൽ തട്ടുകയും ചെയ്‌തു. ഇതിന്റെ ചിത്രമാണ് റൊണാൾഡോ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ഇതിനെതിരെ ആരാധകർ കളിയാക്കൽ തുടങ്ങിയിട്ടുണ്ട്. ആ പന്ത് കണക്റ്റ് ചെയ്യാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ റൊണാൾഡോ ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതിൽ കാര്യമുണ്ടെന്നും ഇത് വെറും സെൽഫ് പ്രൊമോഷൻ പോലെയായെന്നുമാണ് ആരാധകർ പറയുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓവർഹെഡ് കിക്ക് ഗോൾ നേടിയ താരങ്ങളിൽ ഒരാളായ റൊണാൾഡോക്ക് ഇതിന്റെ ആവശ്യമുണ്ടോയെന്നും ചിത്രം കണ്ട ആരാധകർ ചോദിക്കുന്നു.