“മെസി ഒന്നേയുള്ളൂ, മറ്റുള്ളവർക്കതു പോലെ കഴിയില്ല”- റൊണാൾഡോയെ ഉന്നം വെച്ച് അർജന്റീന നായകന് എറിക് ടെൻ ഹാഗിന്റെ പ്രശംസ

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസിയെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ലോകകപ്പിൽ അർജന്റീന ടീമിനെ മെസിയുടെ മികച്ച പ്രകടനമാണ് മുന്നോട്ടു നയിച്ചത്. ടീമിന്റെ ഭാഗമായി കളിക്കുക എന്നതിൽ നിന്നും വ്യത്യസ്‌തമായി മെസിയെ കേന്ദ്രീകരിച്ച് ഒരു ടീം സൃഷ്‌ടിച്ചാണ് അർജന്റീന കളിച്ചിരുന്നത്. സഹതാരങ്ങളുടെ പിന്തുണയോടെ മെസി ഏറ്റവും മികച്ച പ്രകടനം നടത്തിയപ്പോൾ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കി.

ലയണൽ മെസിയുടെ ഈ കഴിവിനെ തന്നെയാണ് എറിക് ടെൻ ഹാഗ് പ്രശംസിച്ചത്. ഒരു താരത്തെ കേന്ദ്രീകരിച്ചു കൊണ്ട് ടീമിനെ മൊത്തത്തിൽ ഉണ്ടാക്കിയെടുക്കുകയെന്നത് ലയണൽ മെസിയെന്ന താരത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നാണ് ടെൻ ഹാഗിൻറെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിത്തന്ന പ്രകടനത്തിലൂടെ മെസി അത് തെളിയിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

“ഒരൊറ്റ മെസിയേയുള്ളൂ. ലോകകപ്പിൽ അതെല്ലാവരും കണ്ടതാണ്. ബാക്കിയുള്ള താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തി ടീമിന്റെ ഭാഗമാകണം.” എറിക് ടെൻ ഹാഗ് സ്കൈ സ്പോർട്ട്സിനോട് പറഞ്ഞത് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താൻ തയ്യാറായ പരിശീലകനെന്ന നിലയിൽ റൊണാൾഡോ ആരാധകരുടെ അപ്രീതിക്ക് പാത്രമായതിനു പിന്നാലെയാണ് എറിക് ടെൻ ഹാഗിന്റെ മെസി പ്രശംസയെന്നത് പ്രത്യേകം ചിന്തിക്കേണ്ട കാര്യമാണ്.

എറിക് ടെൻ ഹാഗിൻറെ വാക്കുകൾ റൊണാൾഡോയെ ഉന്നം വെച്ചുള്ളതാണെന്നും വേണമെങ്കിൽ കരുതാം. എറിക് ടെൻ ഹാഗിനു കീഴിൽ റൊണാൾഡോ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. അതിന്റെ ഭാഗമായി താരത്തെ ബെഞ്ചിലിരുത്തുമ്പോൾ അത് അംഗീകരിച്ചു കൊണ്ട് ടീമിന് പിന്തുണ നൽകാൻ റൊണാൾഡോയും തയ്യാറായിരുന്നില്ല. സ്റ്റേഡിയത്തിൽ നിന്നും മത്സരം തീരുന്നതിനു മുൻപ് ഇറങ്ങിപ്പോയി വരെ റൊണാൾഡോ തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.