ഇക്കാര്യത്തിൽ റൊണാൾഡോ തന്നെ എന്നും കിംഗ്, മെസിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി | Ronaldo

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമേതെന്നു ചോദിച്ചാൽ കുറച്ചു കാലം മുൻപ് മെസി, റൊണാൾഡോ എന്നീ രണ്ടു പേരുകൾ ഉയർന്നു കേൾക്കുമായിരുന്നു. ഇപ്പോൾ റൊണാൾഡോയെക്കാൾ ലയണൽ മെസി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിൽ കോപ്പ അമേരിക്കയും ലോകകപ്പും നേടിയതോടെ കരിയർ തന്നെ പൂർത്തിയാക്കിയാണ് ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് സംശയമില്ലാതെ നടന്നു കയറിയത്.

എന്നാൽ എക്കാലവും ക്രിസ്റ്റ്യാനോ റൊണാൾഡോ കിംഗ് ആയി നിന്ന ഇടമാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാം. യൂറോപ്പിലെ നിരവധി ക്ലബുകളിൽ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലയണൽ മെസിയെ അപേക്ഷിച്ച് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തിൽ വ്യക്തമായ ആധിപത്യമുണ്ട്. റൊണാൾഡോയെ 597 മില്യൺ ആളുകൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 479 മില്ല്യനാണ്.

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഇൻസ്റ്റാഗ്രാമിൽ ഒരു പ്രൊമോഷൻ പോസ്റ്റിനു ഏറ്റവുമധികം തുക ലഭിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. അറുനൂറു മില്യൺ ഫോളോവേഴ്‌സിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഒരു പ്രൊമോഷണൽ പോസ്റ്റിനു ലഭിക്കുന്നത് 1.87 മില്യൺ പൗണ്ടാണ്. റൊണാൾഡോയുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണിത്.

ലയണൽ മെസി മൂന്നാം സ്ഥാനത്തേക്ക് വീണ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് മോഡലായ കെയ്‌ലി ജെന്നർ ആണ്. ഇരുപത്തിയഞ്ചുകാരിയായ ജെന്നർക്ക് 1.47 മില്യൺ പൗണ്ടാണ് ഒരു പ്രൊമോഷണൽ പോസ്റ്റിനായി ലഭിക്കുന്നത്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിക്ക് 1.38 മില്യൺ പൗണ്ട് ലഭിക്കുന്നു. 1.35 മില്യൺ പൗണ്ട് ലഭിക്കുന്ന സെലീന ഗോമസ് നാലാം സ്ഥാനത്തു നിൽക്കുമ്പോൾ റോക്ക് എന്ന പേരിലറിയപ്പെടുന്ന ഡ്വെയിൻ ജോൺസൻ 1.33 മില്യൺ പൗണ്ട് ലഭിച്ച് അഞ്ചാം സ്ഥാനത്താണ്.

Ronaldo Highest Paid Star On Instagram