മെസിയുടെ കള്ളത്തരം പൊളിച്ചടുക്കി എംഎൽഎസ് റഫറി, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | Messi

ഇന്റർ മിയാമിയിൽ ലയണൽ മെസി എത്തിയതിനു ശേഷം നടന്ന ഒൻപതു മത്സരങ്ങളിലും ടീം വിജയം നേടിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അതാവർത്തിക്കാൻ ക്ലബിന് കഴിഞ്ഞില്ല. നാഷ്‌വില്ലെക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ഇന്റർ മിയാമി സമനില വഴങ്ങുകയായിരുന്നു. ലയണൽ മെസ്സിയെയും സംഘത്തെയും ഗോളടിക്കാൻ സമ്മതിക്കാതെ പൂട്ടിയ നാഷ്‌വില്ലെ അമേരിക്കൻ ലീഗിൽ മെസിക്ക് ഭീഷണിയുയർത്താൻ കഴിയുന്ന ക്ലബുകളുണ്ടെന്ന് തെളിയിച്ചു.

അതേസമയം മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. മത്സരത്തിനിടെ ഇന്റർ മിയാമിക്ക് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിച്ചപ്പോൾ മെസി പന്ത് വെക്കേണ്ട സ്ഥലം മാറ്റുന്നതാണ് വീഡിയോയിലുള്ളത്. മെസി പന്തെടുത്ത് താരത്തിന് സൗകര്യപ്രദമായ സ്ഥലത്ത് വെക്കുമ്പോൾ റഫറി അതെടുത്ത് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ വെക്കാൻ പറയുന്നു. റഫറി തിരിയുമ്പോൾ മെസിയത് വീണ്ടും മാറ്റുമെങ്കിലും റഫറിയത് മനസിലാക്കി വീണ്ടും മെസിയോടതു മാറ്റാൻ ആവശ്യപ്പെടുന്നുണ്ട്.

ഫ്രീകിക്ക് എടുക്കുന്ന സമയത്ത് ലയണൽ മെസി കള്ളത്തരം കാണിക്കാൻ ശ്രമിച്ചത് കയ്യോടെ പിടികൂടിയ റഫറിയെ അഭിനന്ദിച്ചാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നതും അഭിപ്രായം പ്രകടിപ്പിക്കുന്നതും. ഇതിനു മുൻപ് ഇന്റർ മിയാമിയുടെ ഒരു മത്സരത്തിൽ മെസി നേടിയ ഫ്രീ കിക്ക് ഗോൾ ഇത്തരത്തിൽ ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. റഫറി മാർക്ക് ചെയ്‌ത സ്ഥലത്തു നിന്നും അഞ്ചു തവണയോളം പന്ത് മാറ്റി വെച്ചതിനു ശേഷമാണ് മെസി ഫ്രീകിക്ക് ഗോൾ നേടിയത്.

അതേസമയം എല്ലാ താരങ്ങളും ചെയ്യുന്ന സ്വാഭാവികമായ ഒരു കാര്യമാണ് മെസി ചെയ്‌തതെന്നാണ്‌ പലരും അഭിപ്രായപ്പെടുന്നത്. മെസിക്കെതിരെ എന്തെങ്കിലും വിമർശനം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ഇതെല്ലാം പൊക്കിയെടുത്ത് നടക്കുന്നതെന്നും ആരാധകർ പറയുന്നു. എന്തായാലും തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുകയും ഗോളിന് അവസരമുണ്ടാക്കുകയും ചെയ്‌ത മെസിക്ക് ഇന്നലെ അതിനു രണ്ടിനും കഴിഞ്ഞില്ല. ഇതോടെ ലീഗിൽ പതിനാലാം സ്ഥാനത്തു തന്നെ തുടരുകയാണ് ഇന്റർ മിയാമി.

Referee Saw Messi Moving The Ball