കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരുടെ വമ്പൻ താരത്തെ റാഞ്ചി, തകർപ്പൻ സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി മറ്റൊരു സൈനിങ്ങ് കൂടി പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിയിൽ നിന്നും മധ്യനിര താരമായ ഫ്രഡി ലല്ലാവ്മയെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ ടീമിൽ നിന്നും സ്വന്തമാക്കിയ മിസോറാം സ്വദേശിയായ ലല്ലാവ്മ മൂന്നു വർഷത്തെ കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി ഒപ്പു വെക്കുക.

കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്‌സിക്കായി മികച്ച പ്രകടനം ഐ ലീഗിൽ നടത്തിയ താരം രണ്ടു സീസണുകളായി അവർക്കൊപ്പമാണ് കളിക്കുന്നത്. ഡിഫൻസീവ് മിഡ്‌ഫീൽഡാണ് താരത്തിന്റെ പ്രധാനപ്പെട്ട പൊസിഷനെങ്കിലും മറ്റു പൊസിഷനുകളിൽ കളിക്കാനും താരത്തിന് കഴിയും. കഴിഞ്ഞ രണ്ടു സീസണുകളായി മുപ്പത്തിയെട്ടു മത്സരങ്ങൾ പഞ്ചാബ് എഫ്‌സിക്കായി കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ സീസണിൽ പഞ്ചാബ് ഐഎസ്എൽ യോഗ്യത നേടിയതിനു പിന്നാലെയാണ് ലല്ലാവ്മ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാനുള്ള അവസരം ലഭിച്ചതിൽ വളരെയധികം നന്ദിയുണ്ടെന്ന് സൈനിങ്ങിനു ശേഷം പ്രതികരിച്ച ഇരുപത്തിയൊന്നുകാരനായ താരം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാനുള്ള അവസരം ലഭിച്ചത് കളിക്കാരനെന്ന നിലയിൽ കരിയറിലെ വലിയ ചുവടുവെപ്പായിട്ടാണ് കാണുന്നതെന്നും ടീമിന് ആവശ്യമായാൽ ഏതു പൊസിഷനിൽ കളിക്കാൻ തയ്യാറാണെന്നും താരം കൂട്ടിച്ചേർത്തു.

ഒന്ന് നിരാശപ്പെടുത്തിയെങ്കിലും പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ കൃത്യമായി പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിക്കുന്നുണ്ടെന്ന് ഈ സൈനിങ്ങോടെ കൂടുതൽ വ്യക്തമാകുന്നുണ്ട്. അടുത്ത് തന്നെ പ്രീ സീസൺ ട്രൈനിങ്ങിനായി ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും. പുതിയതായി ടീമിലെത്തിയ താരങ്ങളെ മനസിലാക്കാനും അവരിൽ ആരൊക്കെയാണ് തന്റെ പദ്ധതികൾക്ക് അനുയോജ്യമെന്ന് മനസിലാക്കാനും ഇവാനുള്ള അവസരം കൂടിയാണ് പ്രീ സീസൺ.

Kerala Blasters Signed Freddy Lallawmawma