മെസിയുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ട ഫാറ്റി ബാഴ്‌സലോണ വിടുന്നു, പോരാട്ടം മൂന്നു ക്ലബുകൾ തമ്മിൽ | Ansu Fati

പതിനാറാം വയസിൽ തന്നെ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുകയും മികച്ച പ്രകടനം നടത്തി ആരാധകരുടെയും ക്ലബ് നേതൃത്വത്തിന്റയും പ്രശംസ ഏറ്റുവാങ്ങുകയും ചെയ്‌ത താരമാണ് അൻസു ഫാറ്റി. ലയണൽ മെസി ബാഴ്‌സലോണ വിട്ടപ്പോൾ ടീമിന്റെ പത്താം നമ്പർ ജേഴ്‌സി താരത്തിന് ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടു സീസൺ മുൻപു പരിക്കേറ്റു മാസങ്ങളോളം കളത്തിനു പുറത്തിരിക്കേണ്ടി വന്നത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ഫോം നഷ്‌ടമാവുകയും ചെയ്‌തു.

ഫോം നഷ്‌ടമായാത് ബാഴ്‌സലോണ ടീമിൽ താരത്തിന് അവസരങ്ങൾ കുറയാനും കാരണമായി. ടീമിന്റെ പരിശീലകനായ സാവിയുടെ കീഴിൽ അവസരങ്ങൾ കുറഞ്ഞതിനാൽ താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും തീരെ അവസരങ്ങൾ ഇല്ലാത്തതും ലാമാലിന്റെ മികച്ച പ്രകടനം തന്റെ വഴിമുടക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് ഫാറ്റി ബാഴ്‌സലോണ വിടാനുള്ള തീരുമാനമെടുത്തത്. താരത്തെ ക്ലബ് വിടാൻ ബാഴ്‌സലോണ നേതൃത്വം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റനാണ് ഫാറ്റിയെ സ്വന്തമാക്കാൻ മുന്നിലുള്ളത്. ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത് പ്രകാരം താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് ബ്രൈറ്റൻ ഒരുങ്ങുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ ടീമിലെത്തുന്ന താരത്തിന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും ബ്രൈറ്റൻ തന്നെ നൽകും. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ താരത്തെ സ്വന്തമാക്കാൻ ബ്രൈറ്റൻ ശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ സെവിയ്യ, ടോട്ടനം എന്നീ ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്.

താൻ ഈ സീസണിൽ ഏതു ക്ലബിൽ കളിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക ഫാറ്റി തന്നെയാകും. അതേസമയം താരത്തെ ലോണിൽ വിടാനുള്ള ബാഴ്‌സലോണയുടെ തീരുമാനം ഉചിതമാണെന്നാണ് ആരാധകർ പറയുന്നത്. ബാഴ്‌സലോണയിൽ അവസരങ്ങളില്ലാത്ത താരത്തിന് കൂടുതൽ കളിസമയം ലഭിക്കാൻ ഇത് കാരണമാകും. ബ്രൈറ്റനെ പോലെ മികച്ച താരങ്ങളെ വാർത്തെടുക്കാൻ സഹായിക്കുന്ന ക്ലബിൽ മികച്ച പ്രകടനം നടത്തിയാൽ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാൻ താരത്തിന് കഴിയും.

Ansu Fati To Leave Barcelona