ഗോൾമെഷീൻ മൂന്നു മാസം പുറത്തിരിക്കും, കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടികളുടെ ഘോഷയാത്ര | Dimitrios

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനത്തു നിന്നും ഇറങ്ങിപ്പോന്നത് മുതൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് നിരന്തരം തിരിച്ചടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ പേരിൽ ലഭിച്ച പിഴശിക്ഷ ക്ലബിന്റെ ട്രാൻസ്‌ഫർ പദ്ധതികളെ ബാധിച്ചതിനു പുറമെ ടീമിലെത്തിയ താരങ്ങൾക്ക് പരിക്കേറ്റതും കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടുതൽ ആശങ്ക നൽകി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമന്റക്കോസിന് പരിക്കേറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പരിശീലനത്തിനിടെയാണ് താരത്തിന് പുറത്തിരിക്കേണ്ടി വന്നതെന്നും മൂന്നു മാസത്തോളം കളിക്കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ദിമിത്രിയോസ് ഒഴിവാക്കപ്പെടാൻ ഇതാണ് കാരണമെന്നും വ്യക്തമാക്കുന്നു.

പുതിയ സീസണിന് മുന്നോടിയായി യുഎഇയിലേക്ക് പ്രീ സീസൺ ടൂറിനായി പോകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഈ സംഘത്തിൽ ദിമി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരമായ ജോഷുവയെ പരിക്ക് കാരണം ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായിരുന്നു. താരം 2024 വരെ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനു പുറമെയാണ് ടീമിലെ പ്രധാനിയായ ദിമിത്രിയോസ് പരിക്കേറ്റു പുറത്തിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ദിമിയുടെ പരിക്കിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ അതു തന്നെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ആദ്യമായി ഐഎസ്എൽ കളിച്ച ദിമി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ടോപ് സ്കോററും ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളുമായിരുന്നു. 21 മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളും കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും എന്നുറപ്പാണ്.

Dimitrios May Out For 3 Months Due To Injury