നാല് എതിർടീം താരങ്ങൾക്കിടയിലൂടെയൊരു കില്ലർ പാസ്, ഗോൾ നഷ്‌ടമായത് തലനാരിഴക്ക് | Messi

ലയണൽ മെസി വന്നതിനു ശേഷം തുടർച്ചയായ മത്സരങ്ങളിൽ വിജയം നേടിക്കൊണ്ടിരുന്ന ഇന്റർ മിയാമി ആദ്യമായി വിജയം കൈവിട്ട മത്സരമാണ് കഴിഞ്ഞത്. നാഷ്‌വില്ലെക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ രണ്ടു ടീമുകളും ഗോളൊന്നും നേടാനാവാതെ സമനിലയിൽ പിരിയുകയായിരുന്നു. ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ ഇന്റർ മിയാമിയോട് സമനില വഴങ്ങി ഷൂട്ടൗട്ടിൽ തോൽവിയേറ്റു വാങ്ങിയ നാഷ്‌വില്ലെക്ക് ലീഗ് മത്സരത്തിലും അതാവർത്തിക്കാൻ കഴിഞ്ഞു.

ലയണൽ മെസിയെ നാഷ്‌വില്ലെ താരങ്ങൾ കൃത്യമായി പൂട്ടിയതാണ് ഇന്റർ മിയാമിക്ക് വിജയം നിഷേധിച്ചത്. എങ്കിലും മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു. രണ്ടു കീ പാസുകൾ അടക്കം നിരവധി മുന്നേറ്റങ്ങൾ ലയണൽ മെസിയിലൂടെ വന്നെങ്കിലും അത് കൃത്യമായി മുതലാക്കാൻ ഇന്റർ മിയാമിയിലെ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല. മത്സരത്തിന് ശേഷം ലയണൽ മെസി ജോർദി ആൽബക്ക് നൽകിയ ഒരു കില്ലർ പാസാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

തന്റെ വിഷനും കൃത്യതയും എത്രയുണ്ടെന്ന് ലയണൽ മെസി വ്യക്തമാക്കിയ പാസായിരുന്നു അത്. സെന്റർ ലൈനിനടുത്ത് പന്തുമായി നീങ്ങുകയായിരുന്ന ലയണൽ മെസി റൺ നടത്തുകയായിരുന്ന ആൽബക്ക് എതിർടീമിലെ നാല് താരങ്ങളുടെ ഇടയിലുണ്ടായിരുന്ന ചെറിയൊരു ഗ്യാപ്പിലൂടെയാണ് പന്ത് നൽകിയത്. പന്ത് സ്വീകരിച്ച ആൽബ ബോക്‌സിലേക്ക് കുതിച്ചെങ്കിലും നാഷ്‌വില്ലെ താരങ്ങളുടെ കൃത്യമായ ഇടപെടൽ കാരണം അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മെസി ഗോളോ അസിസ്റ്റോ സ്വന്തമാക്കാത്ത ആദ്യത്തെ മത്സരം കൂടിയായിരുന്നു നാഷ്‌വില്ലെക്കെതിരെ നടന്നത്. മത്സരത്തിൽ സമനില വഴങ്ങി രണ്ടു പോയിന്റുകൾ നഷ്‌ടമായതോടെ എംഎൽഎസ് കപ്പ് പ്ലേ ഓഫിലെത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം ഇന്റർ മിയാമിക്ക് നിർണായകമായി മാറി. ഇനി ലീഗിൽ പത്ത് മത്സരങ്ങൾ ബാക്കി നിൽക്കെ പതിനാലാം സ്ഥാനത്തു നിന്നും ഒൻപതാം സ്ഥാനത്തേക്ക് ഇന്റർ മിയാമിയെത്തണം.

Messi Pass To Alba Vs Nashville