അമാനുഷികനല്ല ലയണൽ മെസി, ഇന്റർ മിയാമിയുടെ ഒൻപതു മത്സരങ്ങളിലെ വിജയക്കുതിപ്പ് അവസാനിച്ചു | Messi

ലയണൽ മെസി വന്നതിനു ശേഷം തുടർച്ചയായ മത്സരങ്ങളിൽ വിജയം നേടുകയായിരുന്നു അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ഒൻപതു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയ ഇന്റർ മിയാമി അതിനിടയിൽ ഒരു കിരീടം നേടുകയും ഒരു ഫൈനലിൽ എത്തുകയും ചെയ്‌തിരുന്നു. മെസിയുടെ ഗംഭീര പ്രകടനം തന്നെയാണ് ഇന്റർ മിയാമിയുടെ തകർപ്പൻ ഫോമിനു പിന്നിൽ. പതിനൊന്നു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഈ മത്സരങ്ങളിൽ നിന്നും മെസി സ്വന്തമാക്കിയത്.

അമേരിക്കൻ ലീഗ് ലയണൽ മെസിക്ക് അനായാസമാണെന്നും അവിടെ മെസിയെ തടുക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ആരാധകർ കരുതിയിരുന്നത്. ഇന്റർ മിയാമി പുറകോട്ടു പോയ മത്സരങ്ങളിൽ മെസി അമാനുഷികമായ പ്രകടനം നടത്തി വിജയം സ്വന്തമാക്കി നൽകിയത് ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ മെസിയെയും സംഘത്തെയും പൂട്ടിയ നാഷ്‌വില്ലേ ആ വിശ്വാസത്തെ പൂർണമായും ഇല്ലാതാക്കിയിട്ടുണ്ട്.

അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിലാണ് ഇന്റർ മിയാമിയും നാഷ്‌വില്ലേയും സമനിലയിൽ പിരിഞ്ഞത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയത്തിനായി ഇന്റർ മിയാമി പരമാവധി ശ്രമം നടത്തിയെങ്കിലും നാഷ്‌വില്ലേ പ്രതിരോധം അതിനെ തളക്കുകയായിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലിൽ ഇന്റർ മിയാമിയെ സമനിലയിൽ തളച്ച് ഷൂട്ടൗട്ടിൽ തോൽവിയേറ്റു വാങ്ങിയ നാഷ്‌വില്ലെ ആ പ്രകടനം തന്നെയാണ് ഇവിടെയും ആവർത്തിച്ചത്.

ലയണൽ മെസി മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിന് വിജയം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ല. ഇതോടെ എംഎൽഎസ് കപ്പ് പ്ലേ ഓഫിലേക്ക് മുന്നേറാനുള്ള ഇന്റർ മിയാമിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ പതിനാലാം സ്ഥാനത്തുള്ള ഇന്റർ മിയാമി ഒൻപതാം സ്ഥാനത്തെങ്കിലും എത്തിയാലേ പ്ലേ ഓഫിലെത്താൻ കഴിയുകയുള്ളൂ. ലയണൽ മെസിക്ക് ഇന്റർനാഷണൽ ബ്രേക്കിൽ മൂന്നു മത്സരങ്ങൾ നഷ്‌ടമാകുമെന്നതും ഇന്റർ മിയാമിക്ക് ആശങ്കയാണ്.

Messi Inter Miami Draw Against Nashville