മെസിക്ക് മൂന്നു മത്സരങ്ങൾ നഷ്‌ടമാകുമെന്ന് സ്ഥിരീകരിച്ച് ഇന്റർ മിയാമി പരിശീലകൻ, ആരാധകർക്ക് ആശങ്ക | Messi

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ടീമിന്റെ ഫോമിൽ വലിയ മാറ്റമാണുണ്ടായത്. അതുവരെ തുടർച്ചയായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ടീം മെസി വന്നതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കാനും മെസിയുടെ വരവിനു ശേഷം ഇന്റർ മിയാമിക്ക് കഴിഞ്ഞു. അതിനു പുറമെ യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലേക്ക് ടീമിനെ നയിക്കാനും ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു.

ലയണൽ മെസി എത്തുന്ന സമയത്ത് എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്ത് കിടന്നിരുന്ന ടീമാണ് ഇന്റർ മിയാമി. കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതോടെ ഒരു സ്ഥാനം മുന്നേറാൻ കഴിഞ്ഞിരുന്നെങ്കിലും എംഎൽഎസ് കപ്പിന്റെ പ്ലേ ഓഫിലെത്താൻ ഒൻപതാം സ്ഥാനത്തെങ്കിലും ഇന്റർ മിയാമി എത്തേണ്ടത് അനിവാര്യമാണ്. ഇനി പതിനൊന്നു മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളതെന്നിരിക്കെ ഇന്റർ മിയാമിക്ക് അതിനു കഴിയുമോയെന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്.

എന്നാൽ ഈ ലക്ഷ്യത്തിനു മുന്നിൽ വലിയൊരു പ്രതിസന്ധിയായി ലയണൽ മെസിക്ക് ഏതാനും മത്സരങ്ങൾ നഷ്‌ടമാകുമെന്ന് ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടിനോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അർജന്റീനക്കൊപ്പമുള്ള ഇന്റർനാഷണൽ മത്സരങ്ങൾക്ക് കളിക്കാനുള്ളതിനാൽ എംഎൽഎസിലെ മൂന്നു മത്സരങ്ങൾ മെസി കളിച്ചേക്കില്ലെന്നാണ് മാർട്ടിനോ പറഞ്ഞത്. ഇനിയുള്ള മത്സരങ്ങൾ നിർണായകവും മികച്ച എതിരാളികളുമാണെന്നിരിക്കെ ആരാധകർക്ക് വലിയ ആശങ്കയാണ് ഇക്കാര്യം.

അർജന്റീനക്കൊപ്പം ലയണൽ മെസി കളിക്കാനിറങ്ങുമെന്ന കാര്യം തീർച്ചയായതിനാൽ ഇന്റർ മിയാമിയുടെ മത്സരത്തിൽ താരമുണ്ടാകില്ലെന്നു തന്നെയാണ് കരുതേണ്ടത്. എംഎൽഎസ് കപ്പിന്റെ പ്ലേ ഓഫിലെത്തിയാൽ ഈ സീസണിൽ മൂന്നു കിരീടങ്ങൾ നേടാൻ മെസിക്ക് അവസരമുണ്ടായിരുന്നു. ലീഗ്‌സ് കപ്പ് നേടിയ മെസിക്ക് യുഎസ് ഓപ്പൺ കപ്പ്, എംഎൽഎസ് കപ്പ് എന്നീ കിരീടങ്ങൾ നേടാനാണ് അവസരമുള്ളത്. എന്നാൽ ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെ ലോകകപ്പ് യോഗ്യത മത്സരമാണ് കളിക്കാനുള്ളതെന്നതിനാൽ മെസി മത്സരങ്ങൾക്കുണ്ടാകില്ലെന്നത് എംഎൽഎസ് കപ്പിലേക്കുള്ള യാത്രയിൽ പ്രതിസന്ധിയാണ്.

Messi Will Miss 3 Inter Miami Games