ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഓണസമ്മാനം, രണ്ടു പുതിയ താരങ്ങൾ ക്ലബ്ബിലേക്ക് | Kerala Blasters

നിരാശപ്പെടുത്തുന്ന ഒരു ട്രാൻസ്‌ഫർ ജാലകമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റേതെങ്കിലും ഡ്യൂറന്റ് കപ്പിൽ നിന്നും ടീം നേരത്തെ പുറത്തു പോയത് അതിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂറൻറ് കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ രണ്ടു വിദേശതാരങ്ങളെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾക്ക് പുതിയൊരു ഊർജ്ജം പകർന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം ഓണമാഘോഷിച്ച കേരളത്തിലെ ആരാധകർക്ക് മറ്റൊരു സമ്മാനം കൂടി ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം രണ്ടു പുതിയ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പോകുന്നത്. അതിൽ ഐബാൻ ഡോഹ്‌ലിങ്ങിനെ സ്വന്തമാക്കിയ വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്ന താരത്തെ എഫ്‌സി ഗോവയിൽ നിന്നും മൂന്നു വർഷത്തെ കരാറിലാണ് ടീമിലെത്തിച്ചിരിക്കുന്നത്. ഇരുപത്തിയേഴുകാരനായ ഡോഹ്‌ലിങ് സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും പരിശീലനത്തിനിടെ പരിക്കേറ്റു പുറത്തു പോവുകയും ചെയ്‌ത ജോഷുവക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇരുപത്തിയൊന്ന് വയസുള്ള മധ്യനിര താരമായ കാലെബ് വാട്ട്സുമായി ക്ലബ് ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഏഷ്യൻ സൈനിങായ ഓസ്‌ട്രേലിയൻ താരത്തെ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇതിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കാലെബ് വാട്ട്സിന്റെ സൈനിങ്‌ പ്രഖ്യാപനം നടത്തുന്നതിന് വേണ്ടിയാണ്. ഓസ്‌ട്രേലിയൻ താരമാണെങ്കിലും ക്യൂപിആർ, സൗത്താംപ്റ്റൻ തുടങ്ങിയ ടോപ് ടയർ ടീമുകളുടെ അക്കാദമികളിലൂടെ ഉയർന്നു വന്ന താരം സൗത്താംപ്ടണ് വേണ്ടി സീനിയർ ടീമിലും കളിച്ചിട്ടുണ്ട്. നിലവിൽ ഫ്രീ ഏജന്റായ ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങൾക്ക് അതോടെ പരിഹാരമാകും.

Kerala Blasters To Sign Dohling And Caleb Watts