“മെസിക്കൊപ്പം കളിക്കാൻ സന്തോഷത്തോടെ ഞാൻ പോകും”- ഇന്റർ മിയാമിയിലേക്ക് മറ്റൊരു ബാഴ്‌സലോണ താരം കൂടിയെത്തിയേക്കും | Messi

ലയണൽ മെസി എത്തിയതിനു പിന്നാലെ താരത്തിന്റെ രണ്ടു മുൻ സഹതാരങ്ങൾ കൂടി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ബാഴ്‌സലോണയിൽനിരവധി നേട്ടങ്ങൾ ഒരുമിച്ചു സ്വന്തമാക്കിയ മധ്യനിര താരം സെർജിയോ ബുസ്‌ക്വറ്റ്സ്, ലെഫ്റ്റ് ബാക്കായ ജോർദി ആൽബ എന്നിവരാണ് അമേരിക്കൻ ക്ലബ്ബിലേക്ക് മെസിക്കൊപ്പം എത്തിയത്. മികച്ച ഒത്തിണക്കമുള്ള ഈ മൂന്നു താരങ്ങളും ഒരുമിച്ചു കളിക്കാൻ തുടങ്ങിയതോടെ ഇന്റർ മിയാമി മികച്ച ഫോമിൽ കളിക്കുന്നുമുണ്ട്.

ഇപ്പോൾ മറ്റൊരു മുൻ ബാഴ്‌സലോണ താരം കൂടി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. 2018 മുതൽ 2020 വരെയുള്ള രണ്ടു സീസണുകൾ ബാഴ്‌സലോണയിൽ ലയണൽ മെസിക്കൊപ്പം ഒരുമിച്ചു കളിച്ച ചിലിയൻ മധ്യനിര താരമായ അർതുറോ വിദാലാണ് ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യതയുള്ളത്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ലയണൽ മെസിക്കൊപ്പം വീണ്ടും ഒരുമിക്കാനുള്ള ആഗ്രഹം താരം തുറന്നു പറയുകയുണ്ടായി.

“ഞാൻ സന്തോഷത്തോടെ മെസിക്കൊപ്പം പോയി കളിക്കും. അതു വളരെ എളുപ്പമുള്ള കാര്യമാണ്, നിങ്ങൾ മെസിക്ക് പന്ത് കൈമാറിയാൽ മാത്രം മതി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൂടുതൽ പ്രായമുള്ള കളിക്കാർ എത്തുന്നതിനു നിയന്ത്രണങ്ങളേർപ്പെടുത്തുന്ന നിയമമുണ്ട്. അതുകൊണ്ടാണ് അതിതു വരെ സംഭവിക്കാതിരുന്നത്. മെസിക്കും ബുസ്‌ക്വറ്റ്‌സിനുമൊപ്പം കളിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവർ ഹൃദയം കൊണ്ടാണ് കളിക്കുന്നത്, ഇപ്പോൾ മികച്ചൊരു പരിശീലകനു കീഴിൽ ഇന്റർ മിയാമിയും അങ്ങിനെ കളിക്കുന്നു.” വിദാൽ പറഞ്ഞു.

ക്ലബ് കരിയറിൽ ചാമ്പ്യൻസ് ലീഗ് കിരീടമൊഴികെ ബാക്കിയെല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞ താരമാണ് അർതുറോ വിദാൽ. ബാഴ്‌സലോണയ്ക്ക് പുറമെ ബയേൺ മ്യൂണിക്ക്, യുവന്റസ്, ഇന്റർ മിലാൻ തുടങ്ങിയ പ്രധാന ക്ലബുകളിൽ കളിച്ചിട്ടുള്ള വിദാൽ ചിലിക്കൊപ്പം രണ്ടു കോപ്പ അമേരിക്കയും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ മുപ്പത്തിയാറുകാരനായ താരം ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരനെൻസിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

Vidal Happy To Join With Messi In Inter Miami