മെസിയുടെ ലോകകപ്പ് ചിത്രം മുട്ടയെ തോൽപ്പിച്ചു, ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കോർഡ്

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണെങ്കിലും ഏറ്റവുമധികം പേർ ലൈക്ക് ചെയ്‌ത ചിത്രമെന്ന റെക്കോർഡ് ഇനി ലയണൽ മെസിക്ക് സ്വന്തം. 2022 ലോകകപ്പ് എടുത്തതിനു ശേഷം മെസി ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രമാണ് റെക്കോർഡ് ഭേദിച്ചു മുന്നേറുന്നത്. 58 ദശലക്ഷത്തിലധികം ലൈക്കുകൾ ഇപ്പോൾ തന്നെ നേടിയ ചിത്രം അതിൽ നിന്നും ഇനിയും മുന്നേറുമെന്നുള്ള കാര്യം ഉറപ്പാണ്.

നേരത്തെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച ചിത്രം വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്ന ചിത്രമായിരുന്നു. അൻപത്തിയാറു മില്യൺ ലൈക്കാണ് ഈ ചിത്രത്തിന് ലഭിച്ചത്. 18 മില്യൺ ലൈക്ക് വാങ്ങിയ കെയ്‌ലി ജെന്നറിന്റെ ചിത്രത്തിന്റെ റെക്കോർഡ് തകർക്കാൻ വേണ്ടി തുടങ്ങിയ പേജിൽ ആകെ ഒരു ചിത്രം മാത്രമേ പോസ്റ്റ് ചെയ്‌തിട്ടുള്ളൂ. 2019 ജനുവരിയിൽ പോസ്റ്റ് ചെയ്‌ത ചിത്രം നാല് വർഷം തികയ്ക്കാൻ പോകുമ്പോൾ ലയണൽ മെസി തന്റെ ചിത്രം പോസ്റ്റ് ചെയ്‌ത്‌ നാല് ദിവസം പോലും ആയിട്ടില്ല.

അതേസമയം ലയണൽ മെസി മുട്ടയുടെ ചിത്രത്തിന്റെ റെക്കോർഡ് മറികടക്കാതിരിക്കാൻ താരത്തിന്റെ എതിർചേരിയിലുള്ളവർ പണി തുടങ്ങിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ വേൾഡ് റെക്കോർഡ് എഗ്ഗിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ ലിങ്ക് എടുത്ത് അതിൽ ലൈക്ക് ചെയ്യാൻ അവർ അഭ്യർത്ഥിക്കുന്നു. ഇതോടെ മെസി ആരാധകർ മെസിയുടെ ചിത്രത്തിനും കൂടുതൽ ലൈക്ക് വരുത്താനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. എന്തായാലും നിലവിൽ മെസിയുടെ ചിത്രം തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

നിരവധി വർഷങ്ങളുടെ കാത്തിരിപ്പവസാനിപ്പിച്ചാണ് ലയണൽ മെസി തന്റെ കരിയറിൽ ആദ്യമായി ലോകകപ്പ് കിരീടം ഉയർത്തിയത്. ഐ 36 വർഷത്തിന് ശേഷം അർജന്റീന നേടിയ ലോകകപ്പ് കിരീടം കൂടിയായിരുന്നു അത്. ഇതോടെ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും ലയണൽ മെസി സ്വന്തമാക്കി കഴിഞ്ഞു. ലോകകപ്പ് കഴിഞ്ഞ് അർജന്റീനയിലേക്ക് തിരിച്ചു പോയ ലയണൽ മെസിയും അർജന്റീന താരങ്ങളും നാളെ ആരാധകർക്കു മുന്നിൽ ലോകകപ്പ് കിരീടവുമായി പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ്.