“ഇതുവരെ നടന്ന ഏറ്റവും മോശം ലോകകപ്പ്”- ഖത്തർ ലോകകപ്പിനെ വിമർശിച്ച് റൊണാൾഡോയുടെ സഹോദരി

ഖത്തറിൽ നടന്ന ലോകകപ്പ് ഇതുവരെ നടന്നതിൽ ഏറ്റവും മോശം ടൂർണമെന്റാണെന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയായ കാറ്റിയോ അവെയ്‌റോ. റൊണാൾഡോക്കു വേണ്ടി പലപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ട ശ്രദ്ധിക്കപ്പെട്ട ഇവർ പക്ഷെ അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ഫൈനൽ പോരാട്ടം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ലോകകപ്പ് നേടിയ അർജന്റീനയെയും ഫൈനലിൽ ഹാട്രിക്ക് നേടിയ എംബാപ്പയെയും ഇവർ അഭിനന്ദിക്കുകയും ചെയ്‌തു.

“എക്കാലത്തെയും ഏറ്റവും മോശം ലോകകപ്പാണ് നടന്നത്. പക്ഷെ വളരെ മികച്ചൊരു ഫൈനൽ കാണാൻ കഴിഞ്ഞു. എന്തൊരു മത്സരമായിരുന്നു അത്. അർജന്റീനക്ക് അഭിനന്ദനങ്ങൾ.” അവർ ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചു. അതിനു പുറമെ എംബാപ്പെക്ക് അഭിനന്ദനം നൽകുകയും ചെയ്‌തു.

“കിലിയൻ എംബാപ്പെ, ഈ പയ്യൻ അവിശ്വസനീയമാണ്. വലിയൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. അവിശ്വസനീയം.” കാറ്റിയോ കൂട്ടിച്ചേർത്തു. റൊണാൾഡോയുടെ സഹോദരിയായതിനാൽ തന്നെ ലയണൽ മെസിയെക്കുറിച്ച് യാതൊരു പരാമർശവും അവർ നടത്തിയിട്ടില്ല. അതേസമയം പോസ്റ്റ് ചെയ്‌തത് മെസിയും എംബാപ്പയും നിൽക്കുന്ന ചിത്രമായിരുന്നു.

അതേസമയം ഖത്തർ ലോകകപ്പിനെ കുറിച്ച് അവിടെയെത്തിയ ആരാധകരെല്ലാം നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സ്ത്രീകൾക്കും കുടുംബങ്ങൾക്കും ലോകകപ്പ് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞുവെന്നും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും നിരവധി ആരാധകർ പറഞ്ഞു. ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്നാണ് ഖത്തർ ലോകകപ്പിനെ വിശേഷിപ്പിച്ചത്.

അതേസമയം റൊണാൾഡോയെ സംബന്ധിച്ച് മോശം ലോകകപ്പായിരുന്നു ഖത്തറിലേത്. ഒരു ഗോൾ മാത്രം നേടിയ താരം ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ ഇലവനിൽ നിന്നും പുറത്തായിരുന്നു. മികച്ച ടീമുണ്ടായിട്ടും മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തു പോവുകയും ചെയ്‌തു.

fpm_start( "true" ); /* ]]> */