2026 ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാനാവും, ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വലിയ പദ്ധതികളുണ്ടെന്നും ഫിഫ പ്രസിഡന്റ്

ഖത്തർ ലോകകപ്പിൽ ഇന്ത്യൻ ആരാധകരുടെ ഫുട്ബോൾ പ്രേമം ലോകത്തിന്റെ ശ്രദ്ധ ആകര്ഷിച്ചതിനു പിന്നാലെ 2026 ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഇൻസ്റ്റാഗ്രാമിൽ ആസ്‌ക് മി സംതിങ് എന്ന ഓപ്‌ഷനുപയോഗിച്ച് ആരാധകർക്ക് മറുപടി നൽകുമ്പോഴാണ് ഫിഫ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിൽ വളരെയധികം നിക്ഷേപം ഫിഫ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2026 ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഫിഫ പ്രസിഡന്റിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “അതിനു കഴിയുമെന്ന് ഞാൻ കരുതുന്നു. 2026 ലോകകപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് കളിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയും യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. എനിക്ക് ഇന്ത്യൻ ആരാധകർക്ക് ഉറപ്പു നൽകാൻ കഴിയുന്ന ഒരേയൊരു കാര്യം ഞങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ വളരെയധികം വലുതാക്കാൻ വലിയ നിഷേപം നടത്തുന്നുണ്ട് എന്നതാണ്.”

“ഇന്ത്യ വലിയൊരു രാജ്യമാണ്, മികച്ച ഫുട്ബോൾ മത്സരങ്ങൾ അവിടെ നടക്കേണ്ടതും മികച്ച ഫുട്ബോൾ ടീം അവിടെ വരേണ്ടതും അനിവാര്യമാണ്. ഞങ്ങൾ അതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.” ഇൻഫാന്റിനോ പറഞ്ഞു. ഫുട്ബോളിനെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒന്നാം നമ്പർ കായികഇനമാക്കാനുള്ള ലക്ഷ്യവുമായി പ്രയത്നിക്കുന്ന ഇൻഫാന്റിനോയുടെ വാക്കുകൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നത്.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ നേതൃത്വവും ഫുട്ബോളിന്റെ വളർച്ചക്ക് വിപുലമായ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇന്ത്യയിൽ ഫുട്ബോൾ അഞ്ഞൂറിരട്ടി വലുതാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കൃത്യമായ പാതയിൽ മുന്നോട്ടു പോയാൽ 2026ൽ നടന്നില്ലെങ്കിൽ പോലും ഇന്ത്യ ലോകകപ്പ് ഫുട്ബോൾ വേദിയിൽ ഇറങ്ങുന്നത് വിദൂരമായ കാര്യമല്ല.