ഉറങ്ങാതെ കാത്തിരുന്ന ജനതക്കു നടുവിലേക്ക് ലോകകപ്പ് കിരീടവുമായി മെസിയും സംഘവുമെത്തി, ആഘോഷം അലയടിച്ചുയരുന്നു

ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ഒരു രാജ്യാന്തര കിരീടമെന്ന സ്വപ്‌നം ലയണൽ മെസിയും സംഘവും കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കയിലൂടെ സഫലമാക്കി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ മുപ്പത്തിയാറു വർഷത്തിനു ശേഷം ലോകകപ്പെന്ന നേട്ടം കൂടി അവർക്ക് വന്നു ചേർന്നിരിക്കുന്നു. ആദ്യമത്സരത്തിൽ തോൽവി വഴങ്ങി പിന്നീട് നടന്ന ഓരോ മത്സരത്തിലും വിജയം നേടി, കഠിനമായ ഘട്ടങ്ങൾ പിന്നിട്ട്, ജയിച്ച മത്സരങ്ങൾ കൈവിട്ടുവെന്നു തോന്നിച്ചിടത്തു നിന്നും പിന്നീടു തിരിച്ചുവന്ന് അർജന്റീന നേടിയ കിരീടം അവരുടെ പോരാട്ടവീര്യത്തെക്കൂടി അടയാളപ്പെടുത്തുന്നു.

1986ൽ മറഡോണയെന്ന അമാനുഷികന്റെ ചിറകിലേറി ലോകകപ്പ് ഉയർത്തിയതിനു ശേഷം പിന്നീടൊരിക്കലും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിന്റെ ദുഃഖം പേറുന്ന അർജന്റീനിയൻ ജനത ടീം ഫൈനലിൽ എത്തിയപ്പോൾ തന്നെ രാജ്യത്തിന്റെ തെരുവുകളിൽ ആഘോഷം ആരംഭിച്ചിരുന്നു. ടീം കിരീടമുയർത്തുന്ന നിമിഷത്തിൽ ആഘോഷത്തിന്റെ പാരമ്യത്തിൽ എത്തിയിരുന്ന അവർ കാത്തിരുന്നത് മെസിയും സംഘവും കിരീടവുമായി എത്തുന്നതിനാണ്. ഇതാ, കാത്തിരുന്ന സുവർണകിരീടവുമായി ദോഹയിൽ നിന്നും പറന്ന മിശിഹായും കൂട്ടരും അർജന്റീനയുടെ മണ്ണിൽ കാലു കുത്തിയിരിക്കുന്നു.

ക്ലബ് ഫുട്ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ലയണൽ മെസി രാജ്യത്തിന് വേണ്ടി ഓരോ തവണ പരാജയപ്പെട്ടപ്പോഴും താരത്തിനെതിരെ അർജന്റീനയിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. അതു സഹിക്കാൻ കഴിയാതെ ഒരിക്കൽ ദേശീയ ടീം വിടാനുള്ള തീരുമാനമെടുത്ത താരം പിന്നീട് തിരിച്ചു വന്നാണ് അർജന്റീനയുടെ സ്വപ്‌നം പൂർത്തിയാക്കിയത്. അവസാന ലോകകപ്പിൽ സർവവും നൽകി ടീമിനെ വിജയത്തിലേക്ക് നയിച്ച് തന്നെ ഒരു കാലത്ത് സംശയിച്ചവരുടെ നടുവിലേക്ക് കിരീടവുമായി വന്നിറങ്ങുമ്പോൾ പ്രതികാരം നിർവഹിച്ചതിന്റെ സന്തോഷമല്ല, തന്റെ ചിരകാല സ്വപ്‌നം പൂർത്തിയാക്കിയതിന് പരമമായ ആനന്ദം മാത്രമാണ് മെസിയുടെ മനസിലുണ്ടാവുക.

പഴയ കാര്യങ്ങളെല്ലാം അവിടെ നിൽക്കട്ടെ. ഇനി പറയേണ്ടത് വർത്തമാനത്തെ കുറിച്ച് മാത്രമാണ്. അർജന്റീന ലോകകപ്പ് നേടിയിരിക്കുന്നു, ലയണൽ മെസി ലോകകപ്പ് നേടിയിരിക്കുന്നു, മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു, ഉറങ്ങാതെ കാത്തിരുന്ന ആരാധകരുടെ നടുവിലേക്ക് കിരീടവുമായി മിശിഹാ എത്തിയിരിക്കുന്നു. ഇനി ആഘോഷങ്ങളുടെ നാളുകളാണ്. അതിവൈകാരികമായി ഫുട്ബോളിനെ കാണുന്ന അർജന്റീന ആരാധകർ ഇനിയുള്ള ദിവസങ്ങളിൽ വിസ്ഫോടനകരമായ ആഘോഷങ്ങളിൽ അഭിരമിക്കാൻ പോവുകയാണ്. അതിനൊപ്പം ചേർന്നു നിൽക്കാൻ, ജനതയുടെ സ്‌നേഹം ഏറ്റു വാങ്ങാൻ അർജന്റീന ടീമുമുണ്ടാകും.