ക്ലബും അർജന്റീനയുമാണ് എന്നും പ്രധാനപ്പെട്ടത്, സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ തഴഞ്ഞ് അർജന്റീന താരം | Lautaro

യൂറോപ്പിലെ വമ്പൻ താരങ്ങളെ സൗദി അറേബ്യൻ ക്ലബുകൾ റാഞ്ചുന്നതാണ് ഫുട്ബോൾ ലോകത്തെ ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം. ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ കഴിഞ്ഞ ലോകകപ്പിന് ശേഷം തുടങ്ങിയ ഈ ട്രെൻഡ് ഇപ്പോൾ ഒന്നുകൂടി വിപുലമായിട്ടുണ്ട്. കരിം ബെൻസിമ, എൻഗോളോ കാന്റെ, റോബർട്ട് ഫിർമിനോ, കൂളിബാളി തുടങ്ങിയ നിരവധി താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ പുതിയ മികച്ച താരങ്ങൾക്കായി ഓഫർ നൽകുന്നത് ഇപ്പോഴും തുടരുകയാണ്.

അതിനിടയിൽ സൗദിയിൽ നിന്നുള്ള ഒരു വമ്പൻ ഓഫർ ഇന്റർ മിലൻറെ അർജന്റീന മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസ് വേണ്ടെന്നു വെച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദി അറേബ്യൻ ക്ലബിന്റെ പ്രതിനിധികൾ അർജന്റീന താരത്തെ സമീപിച്ചെങ്കിലും അതിനോട് നോ പറയുകയാണ് ലൗടാരോ മാർട്ടിനസ് ചെയ്‌തത്‌. താരത്തിന്റെ സമ്മതം ലഭിക്കാത്തതിനാൽ സൗദി ക്ലബ് ഇന്റർ മിലാനുമായി ട്രാൻസ്‌ഫർ ചർച്ചകൾ നടത്താതെ പിൻവാങുകയും ചെയ്‌തു.

240 മില്യൺ യൂറോ പ്രതിഫലം നൽകി നാല് വർഷത്തെ കരാറാണ് സൗദി ക്ലബ് വാഗ്‌ദാനം ചെയ്‌തത്‌ ലൗടാരോ മാർട്ടിനസിനെ സംബന്ധിച്ച് ഈ ഓഫർ വളരെയധികം മോഹിപ്പിക്കുന്ന ഒന്നാണെങ്കിലും താരം അതിൽ വീണില്ല. ഇന്റർ മിലാനെ വളരെയധികം സ്നേഹിക്കുന്ന താരം ക്ലബിനൊപ്പം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. സൗദി അറേബ്യയിലേക്ക് പോയാൽ അർജന്റീന ദേശീയ ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത മങ്ങുമെന്നതും താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

അർജന്റൈൻ ക്ലബായ റേസിങ്ങിൽ നിന്നും ഇന്റർ മിലാൻ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കിയ ലൗടാരോ പടിപടിയായി ടീമിലെ ഏറ്റവും പ്രധാന സ്‌ട്രൈക്കറായി വളർന്നു വന്നു. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം ഇന്റർ മിലാനായി നടത്തിയ താരം പതിമൂന്നു വർഷത്തിന് ശേഷം ഇറ്റാലിയൻ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചിരുന്നു. അടുത്ത സീസണിൽ ഇന്റർ മിലൻറെ നായകൻ ലൗടാരോ മാർട്ടിനസ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Lautaro Martinez Reject Big Offer From Saudi