നിലപാട് മാറ്റി ലയണൽ മെസി, പിഎസ്‌ജിയുമായി കരാർ പുതുക്കില്ല

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസിയുമായി ബന്ധപ്പെട്ട് ആരാധകർ ഉറ്റു നോക്കിയിരുന്ന പ്രധാന കാര്യം താരം പിഎസ്‌ജിയിൽ തന്നെ തുടരുമോയെന്നാണ്. ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുകയാണ്. ലോകകപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാനിരുന്ന മെസി ഇതുവരെയും കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഈ വിഷയത്തിൽ ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തു വന്നതു പ്രകാരം ലയണൽ മെസി ഫ്രാൻസിൽ തന്നെ തുടരുന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ്. പിഎസ്‌ജി കരാർ പുതുക്കാനില്ലെന്ന തീരുമാനത്തിലേക്ക് ലയണൽ മെസി എത്തിയെന്നാണ് പ്രമുഖ ജേർണലിസ്റ്റായ ജെറാർഡ് റോമെറോ വെളിപ്പെടുത്തുന്നത്. ഇത് യാഥാർഥ്യമാവുകയാണെങ്കിൽ ഈ സീസണിന് ശേഷം ഫ്രീ ഏജന്റാകുന്ന താരത്തിനെ സ്വന്തമാക്കാൻ ഏതു ക്ലബിനും കഴിയും.

ഖത്തർ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം നേടിയതാണ് മെസി തന്റെ തീരുമാനം മാറ്റാനുള്ള പ്രധാന കാരണമായത്. ലോകകപ്പിൽ അർജന്റീന ടീം മെസിയെ കേന്ദ്രീകരിച്ചാണ് കളിച്ചു കൊണ്ടിരുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി മെസി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും നടത്താനും പുതിയ ക്ലബ്ബിലേക്ക് ചേക്കേറുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുമെന്നും മെസി ഉറച്ചു വിശ്വസിക്കുന്നു.

അതേസമയം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാതിരിക്കുന്നതിനു ബാഴ്‌സയിലേക്ക് തിരിച്ചു പോകുമെന്ന അർത്ഥമില്ലെന്നും ജെറാർഡ് റോമെറോ പ്രത്യേകം വെളിപ്പെടുത്തുന്നു. മെസിയെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ കഴിയുമെങ്കിൽ നിരവധി യൂറോപ്യൻ ക്ലബുകൾ അതിനായി ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തന്നെ അമേരിക്കയിൽ നിന്നും സൗദിയിൽ നിന്നും താരത്തിന് ഓഫറുകളുണ്ട്. അതേസമയം ലോകകപ്പ് നേടിയതോടെ മൂല്യം ഉയർന്ന മെസിയെ ടീമിൽ നിലനിർത്താൻ തന്നെയാവും പിഎസ്‌ജി ശ്രമിക്കുക.