ബാഴ്‌സലോണ യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക്, തടയില്ലെന്ന് ലാ ലിഗ പ്രസിഡന്റ് | Barcelona

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. എന്നാൽ അതിനിടയിലാണ് കൂനിന്മേൽ കുരുവെന്നത് പോലെ നെഗ്രയ്‌ഗ കേസ് അവർക്കെതിരെ വന്നത്. മുൻപത്തെ മാനേജ്‌മെന്റിന്റെ കീഴിൽ നിശ്ചിത കാലയളവിൽ റഫറിയിങ് കമ്മറ്റിക്ക് പണം നൽകിയെന്നതാണു ബാഴ്‌സലോണക്കെതിരെയുള്ള ആരോപണം. ഇതിന്റെ ഭാഗമായുള്ള അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ജുഡീഷ്യറി മാത്രമല്ല, മറിച്ച് യുവേഫയും ബാഴ്‌സലോണക്കെതിരായ ആരോപണങ്ങൾ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ബാഴ്‌സലോണ തെറ്റുക്കാരാണെന്ന് കണ്ടെത്തിയാൽ അടുത്ത സീസണിൽ അവർക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയില്ല. അങ്ങിനെ സംഭവിച്ചാൽ ഏഷ്യ അടക്കമുള്ള മറ്റു ഭൂഖണ്ഡങ്ങളിൽ കളിക്കാൻ കഴിയുമോ എന്ന കാര്യം ബാഴ്‌സലോണ ആലോചിക്കുന്നുണ്ട്. ബാഴ്‌സ അങ്ങിനെയൊരു നീക്കം നടത്തിയാൽ അതിനെ തടയില്ലെന്നാണ് ടെബാസ് പറയുന്നത്.

“അവരാണത് തീരുമാനിക്കേണ്ടത്. അവർക്ക് വരുമാനം ഉണ്ടാക്കണമെങ്കിലും, നിലവിലുള്ള നഷ്‌ടങ്ങൾ നികത്തണമെങ്കിലും എനിക്കതിൽ യാതൊരു കുഴപ്പവുമില്ല. ഞാൻ പറയുന്നത് ചാമ്പ്യൻസ് ലീഗിന്റെ കാര്യമാണ്. അതല്ലാതെ മറ്റൊരു രാജ്യത്തെ ആഭ്യന്തര ലീഗിൽ കളിക്കുകയെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് നിയമപരമായി തന്നെ അസാധ്യമായ കാര്യമാണ്.” കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ മാർക്കയോട് സംസാരിക്കെ ടെബാസ് പറഞ്ഞു.

യുവേഫയുടെ അന്വേഷണം അവസാനിക്കുന്നതിനു വേണ്ടി കാത്തിരിക്കയാണ് ബാഴ്‌സലോണ. നിലവിലുള്ള സൂചനകൾ പ്രകാരം ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ ബാഴ്‌സലോണ കുറ്റക്കാരല്ല. എന്നാൽ സൂപ്പർ ലീഗ് പദ്ധതിയിൽ ഇപ്പോഴും തുടരുന്നത് കാരണം ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾക്കെതിരെ ലാ ലിഗക്കും യുവേഫക്കും അതൃപ്‌തിയുണ്ട്. അതുകൊണ്ട് തന്നെ പകപോക്കലിന്റെ ഭാഗമായി അവർ ക്ലബിനെതിരെ നീങ്ങാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

Javier Tebas Open To Barcelona Playing In Another Continental Competition