“മെസിക്ക് നന്ദി, ഫ്രഞ്ച് ലീഗ് നിങ്ങളെ അർഹിക്കുന്നില്ല”- ഫ്രാൻസിൽ നിന്നും മെസിക്ക് പിന്തുണ | Lionel Messi

ലയണൽ മെസിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഫ്രാൻസിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചപ്പോൾ തന്നെ നിരവധി ആരാധകർ താരത്തിന് എതിരായിരുന്നു. അതിനു ശേഷം പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയപ്പോൾ മെസിയെ തിരഞ്ഞു പിടിച്ച് ആരാധകർ അധിക്ഷേപിച്ചു. ഇപ്പോൾ ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചുവെന്നതിന്റെ പേരിലും ലയണൽ മെസി ആരാധകരുടെ രോഷത്തിനു ഇരയാവുകയാണ്.

തന്റെ കഴിവിന്റെ പരമാവധി ക്ലബിന് നൽകി വളരെ മികച്ച പ്രൊഫെഷണൽ സമീപനത്തോടെയാണ് മെസി പിഎസ്‌ജിയിൽ നിന്നിരുന്നത്. ആരാധകർ കൂക്കി വിളിക്കുന്ന സമയത്തും മികച്ച പ്രകടനം ക്ലബിനായി മെസി നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ ഇടയിലും മെസിക്ക് ഫ്രാൻസിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. മുൻ പിഎസ്‌ജി താരവും നാന്റസ് പരിശീലകനുമായ അന്റോയിൻ കൂമ്പുവാറെയാണ് മെസിയെ പിന്തുണച്ച് സംസാരിച്ചത്.

“എനിക്കാണ് മെസിയെ ലഭിച്ചിരുന്നതെങ്കിൽ ഞാൻ താരത്തോട് പറയുക ‘നിങ്ങൾ മുൻനിരയിൽ തന്നെ നിന്നോളൂ, ഒരിക്കലും ഓടേണ്ടതില്ല, പ്രതിരോധിച്ചു കളിക്കേണ്ടതില്ല എന്നാണ്. അതിനു പകരം താരത്തിന് ഞങ്ങൾ പന്തുകൾ നൽകും. എനിക്ക് നിങ്ങളുടെ കളി കാണുകയാണ് വേണ്ടത്. സന്തോഷത്തോടെ കളിച്ചു രസിക്കൂ’ എന്നായിരിക്കും. പക്ഷെ ഞങ്ങളിന്നൊരു താരത്തിനു മേൽ വീഴുകയാണ്,എന്തൊരു നാണക്കേട്.”

“മെസിയെ എനിക്ക് വളരെ ഇഷ്‌ടമാണ്, താരത്തെ തൊട്ടു കളിക്കാൻ പാടില്ല. ഈ കളിയെയും മെസിയെയും ഞാൻ സ്നേഹിക്കുന്നു. ഞാനിപ്പോൾ കാണുന്നതെല്ലാം ലജ്‌ജാകരമാണ്. താരം ഇവിടെ വിടുന്നത് തന്നെയാണ് ഏറ്റവും നല്ല കാര്യം, മെസി ഇവിടുന്ന് പോകുന്നതിൽ ഞാൻ സന്തോഷവാനാണ്, കാരണം ഞങ്ങൾ മെസിയെ അർഹിക്കുന്നില്ല. വളരെയധികം നന്ദി മെസി.” അദ്ദേഹം പറഞ്ഞു.

പിഎസ്‌ജി സന്തുലിതമായൊരു ടീമിനെ ഉണ്ടാക്കാത്തതാണ് കുഴപ്പമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപേ തന്നെ പരിശീലകൻ ഗാൾട്ടിയാർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ആരാധകരെല്ലാം താരത്തിനെതിരെ തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. മെസിക്ക് പുറമെ മെസിയോടൊപ്പം നിൽക്കുന്ന നെയ്‌മർ, വെറാറ്റി തുടങ്ങിയ താരങ്ങൾക്കെതിരെയും ആരാധകർ പ്രതിഷേധിക്കുന്നുണ്ട്.

Nantes Coach Shows His Support To Lionel Messi