റൊണാൾഡോയും നെയ്‌മറും പ്രീമിയർ ലീഗിൽ ഒരുമിക്കുമോ, പ്രതികരിച്ച് പരിശീലകൻ | Neymar Ronaldo

ഫുട്ബോൾ ലോകത്തെ വമ്പൻ താരങ്ങളെല്ലാം അവരുടെ ക്ലബുകളിൽ തീർത്തും അസംതൃപ്‌തരായി നിൽക്കുന്ന സമയമാണിപ്പോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ വിടുന്ന കാര്യം പരിഗണിക്കുമ്പോൾ ലയണൽ മെസി, നെയ്‌മർ എന്നീ താരങ്ങൾ പിഎസ്‌ജിയിൽ ഇനിയുണ്ടാകില്ലെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ താരങ്ങളെ ചുറ്റിപ്പറ്റി നിരവധി ക്ലബുകളുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്‌മറും അടുത്ത സീസണിൽ ഒരുമിച്ച് കളിക്കാൻ സാധ്യതയുണ്ടെന്നത് കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രധാനപ്പെട്ട അഭ്യൂഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡ് നെയ്‌മറെ സ്വന്തമാക്കി അതിനു ശേഷം സൗദിയിൽ നിന്നും റൊണാൾഡോയെയും എത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതേക്കുറിച്ച് പരിശീലകൻ എഡ്ഡീ ഹോവേ ഇന്ന് പ്രതികരിക്കുകയുണ്ടായി.

“സൗദി അറേബ്യ ക്ലബ്ബിനെ ഏറ്റെടുത്ത കാലം മുതൽ ഇതുപോലെയുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാണു ഞാൻ കരുതുന്നത്. ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ ന്യൂകാസിൽ യുണൈറ്റഡിലേക്ക് പോകുമെന്ന കാര്യം എല്ലാവരും ചിന്തിക്കുന്നത് സ്വാഭാവികമാണ്. ഞങ്ങൾ ഇതുവരെ അങ്ങിനെ താരങ്ങളെ വാങ്ങിയിട്ടില്ല, സാമ്പത്തികപരമായി അങ്ങിനെ താരങ്ങളെ വാങ്ങാൻ ഞങ്ങൾക്കിപ്പോൾ കഴിയുകയുമില്ല.

“ശരിയായ താരങ്ങളെയാണ് ഗ്രൂപ്പിൽ ചേർക്കേണ്ടത്. ട്രാൻസ്‌ഫർ മാർക്കറ്റ് എന്നത് ഒരുപാട് ചിന്തകൾ വേണ്ട, സങ്കീർണമായ തീരുമാനങ്ങൾ എടുക്കേണ്ട ഒന്നാണ്. നമുക്ക് വെറുതെയൊരു താരത്തെ ടീമിലേക്ക് ഉൾപ്പെടുത്താൻ കഴിയില്ല. ടീമിലേക്ക് വേണ്ട താരങ്ങൾ ആരൊക്കെയാണെന്ന കാര്യത്തിലും സാമ്പത്തികപരമായ കാര്യത്തിലും ഒരുപാട് ആലോചന വേണ്ടത് അത്യാവശ്യമാണ്.” എഡ്ഡീ ഹോവേ പറഞ്ഞു.

ന്യൂകാസിൽ പരിശീലകന്റെ വാക്കുകൾ ഈ താരങ്ങൾ വരാനുള്ള സാധ്യത തള്ളിക്കളയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ആഗോളതലത്തിൽ ക്ലബിന് ശ്രദ്ധ കിട്ടാനും മാർക്കറ്റ് വിപുലീകരിക്കാനും വമ്പൻ പേരുള്ള താരങ്ങളെ സ്വന്തമാക്കേണ്ടത് ന്യൂകാസിലിനു ആവശ്യമാണ്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിനാൽ തന്നെ അവർ വമ്പൻ സൈനിംഗുകൾ നടത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

Newcastle Coach Eddie Howe Reacts To Neymar Ronaldo Rumours