പരിശീലകനും മെസിക്കൊപ്പം, മെസിയെ സസ്‌പെൻഡ് ചെയ്‌ത തീരുമാനത്തിൽ പിഎസ്‌ജിക്കു മുന്നറിയിപ്പ് | Lionel Messi

ക്ലബിന്റെ സമ്മതമില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌ത മെസിയെ രണ്ടാഴ്‌ചത്തേക്ക് പിഎസ്‌ജി സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ താരത്തിനു പരോക്ഷമായ പിന്തുണയുമായി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ. തന്നോട് അഭിപ്രായം ചോദിക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം സീസൺ നിർണായകമായ ഘട്ടത്തിലെത്തി നിൽക്കെ മെസിയെ വിലക്കിയത് തിരിച്ചടിയാകുമെന്ന വ്യക്തമായ സൂചനകളും നൽകി.

“മെസിയെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ പിഎസ്‌ജി മാനേജ്‌മെന്റ് എന്നെ അറിയിച്ചിരുന്നു. എന്നെ അറിയിച്ചതിനൊപ്പം എനിക്കതേക്കുറിച്ച് പ്രതികരിക്കാതിരിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ട്. ഞാൻ ക്ലബിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ആ തീരുമാനത്തിൽ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തീരുമാനം എന്നെ അറിയിച്ചിരുന്നു.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗാൾട്ടിയാർ പറഞ്ഞു.

മോശം പ്രകടനത്തിന്റെ കൂടെയാണ് ലിയോയുടെ സസ്‌പെൻഷനും വരുന്നത്. നല്ലൊരു സമയമാണിതെന്ന് എനിക്കൊരിക്കലും പറയാൻ കഴിയില്ല. ഒരു ലക്‌ഷ്യം ഞങ്ങൾക്ക് നേടിയെടുക്കാനുണ്ട്. താരങ്ങൾ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്, ഞങ്ങൾ അതിൽ ശ്രദ്ധയും ആത്മാർത്ഥതയും നൽകി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു. പിഎസ്‌ജി ആരാധകർ നെയ്‌മറുടെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയതിനെ അദ്ദേഹം വിമർശിച്ചു.

“കളിക്കാരുടെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയ കാര്യത്തിൽ പറയാനുള്ളത് അത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണെന്നാണ്. സ്വാകാര്യസ്ഥലം അങ്ങിനെ തന്നെ നിലനിൽക്കേണ്ട ഒന്നാണ്. ആരാധകരുടെ ദേഷ്യവും നിരാശയും എനിക്ക് മനസിലാക്കാൻ കഴിയും. പിഎസ്‌ജി പരിശീലന മൈതാനത്തോ ക്ലബിന്റെ ഓഫീസിലോ പാർക് ഡി പ്രിൻസസിൽ മത്സരത്തിന് ശേഷമോ നിങ്ങൾക്ക് പ്രതിഷേധം നടത്താം. ആരുടെ വീടിനു മുന്നിലായാലും അംഗീകരിക്കാൻ കഴിയില്ല.”അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ലീഗിൽ പിഎസ്‌ജി അഞ്ചു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ കുറെ മത്സരങ്ങളായി ടീമിന്റെ മുന്നേറ്റനിരയെ ക്രിയാത്മകമായി ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസിയെപ്പോലൊരു താരത്തിന്റെ അഭാവം ക്ലബ്ബിനെ വളരെയധികം ബാധിക്കുമെന്ന് പരിശീലകനറിയാം.

Galtier Says Not His Decision To Suspend Lionel Messi