മാപ്പു പറഞ്ഞെങ്കിലും അഭിമാനം വിട്ടു കളിക്കില്ല, തീരുമാനത്തിൽ ഉറച്ചു നിന്ന് ലയണൽ മെസി | Lionel Messi

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന വിവാദങ്ങൾ മെസി തന്നെ തീർത്തും പ്രൊഫെഷനലായ രീതിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചത് ഒരു തെറ്റിദ്ധാരണയുടെ പുറത്താണെന്ന് വ്യക്തമാക്കിയ താരം അതിനു സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും ക്ലബ് എടുക്കുന്ന നടപടി എന്ത് തന്നെയായാലും അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.

ക്ഷമാപണം നടത്തിയതോടെ ലയണൽ മെസി ഏതെങ്കിലും തരത്തിൽ പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള സാധ്യതയുണ്ടോ എന്ന് ആരാധകർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇനി ഫ്രഞ്ച് ക്ലബിനൊപ്പം മെസി ഉണ്ടാകില്ലെന്ന് തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനിയൻ മാധ്യമപ്രവർത്തകൾ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയ വീഡിയോ മെസി പുറത്തു വിട്ടതിനു പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ട്.

“ലയണൽ മെസിയുടെ ഭാവിയിൽ ഒരു മാറ്റവും ഇന്നലെ പുറത്തു വിട്ട വീഡിയോ ഉണ്ടാക്കുന്നില്ല. പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന് താരം തീരുമാനം എടുത്തിട്ടുണ്ട്, അത് അവസാന തീരുമാനവുമാണ്. ക്ലബുമായുള്ള ബന്ധം നല്ല രീതിയിലേക്ക് കൊണ്ടുവരാനും നടപടികളിൽ ഇളവ് വരുത്തി പരിശീലനം ആരംഭിക്കാനും വേണ്ടിയാണ് ക്ഷമാപണം നടത്തിയത്. ഏറ്റവും മാന്യമായ രീതിയിൽ എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ച താരം ബാഴ്‌സയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

നേരത്തെ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ കഴിഞ്ഞില്ലെങ്കിൽ ലയണൽ മെസി പിഎസ്‌ജിയിൽ തന്നെ തുടരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ തീരെ ഇല്ലാതായിട്ടുണ്ട്. ആരാധകരുടെ പ്രതിഷേധം തന്നെയാണ് ഇതിനു പ്രധാനമായും വഴി വെച്ചതെന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പ് തോൽവിയുടെ മുറിവുണങ്ങാത്ത ഫ്രഞ്ച് ആരാധകർ ഇനിയും തന്നെ ബലിയാടാക്കുമെന്ന് മെസിക്ക് കൃത്യമായ ധാരണയുണ്ട്.

Lionel Messi Apology Nothing To Do With His Future