“ആവശ്യമുള്ളപ്പോഴെല്ലാം സഹായവുമായെത്തുന്ന മികച്ചൊരു ടീം പ്ലേയർ”- ബ്ലാസ്റ്റേഴ്‌സ് താരത്തെ പ്രശംസിച്ച് സ്‌കിങ്കിസ് | Karolis Skinkys

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ചതു പോലെ തന്നെ കഴിഞ്ഞ ദിവസമാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമന്റാക്കോസിന്റെ കരാർ ക്ലബ് പുതുക്കിയത്. കഴിഞ്ഞ സീസണിൽ ക്ലബിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തെ ഒരു വർഷത്തേക്ക് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയത്. ഇന്ത്യയിൽ എത്തിയ സീസണിൽ തന്നെ ലീഗിലെ ഗോൾവേട്ടക്കാരിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന താരത്തിൽ നിന്നും അടുത്ത സീസണിൽ ആരാധകർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ സീസണിൽ പന്ത്രണ്ടു ഗോളുകളാണ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയിട്ടുള്ളത്. ലീഗിലെ ടോപ് സ്‌കോററുടെ പേരിൽ പന്ത്രണ്ടു ഗോളുകളാണ് ഉള്ളതെന്നിരിക്കെ ഗ്രീക്ക് സ്‌ട്രൈക്കർ നേടിയത് പത്ത് ഗോളുകളാണ്. ഇതിനു പുറമെ സൂപ്പർകപ്പിൽ രണ്ടു ഗോളുകളും താരം നേടി. ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം. ഇതിനു പുറമെ മൂന്ന് അസിസ്റ്റുകൾ നൽകുകയും ഇരുപത്തിമൂന്ന് അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌ത താരം കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

“കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ടോട്ടൽ ടീം പ്ലയെർ എന്ന നിലയിലാണ് ദിമിത്രിയോസ് ഉള്ളത്. കഴിഞ്ഞ സീസണിൽ ടീമിനൊരു പ്രചോദനം വേണ്ട സമയത്തെല്ലാം അത് നൽകാൻ താരമുണ്ടായിരുന്നു. ദിമിത്രിയോസിന്റെ പരിചയസമ്പത്തും ഈ കളിയെ കുറിച്ചുള്ള അറിവുമെല്ലാം ടീമിനെ സഹായിച്ചിട്ടുണ്ട്. അതിൽ നിന്നും യുവതാരങ്ങൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഈ ക്ലബിനായി താരം നൽകിയിരുന്നത് തുടർന്നും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.” സ്‌കിങ്കിസ് കരാർ പുതുക്കിയതിനു ശേഷം പറഞ്ഞു.

പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് വിട്ടു കളയുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ താരവുമായി കരാർ പുതുക്കിയത് ആരാധകർക്ക് ആശ്വാസമാണ്. ഇതിനു മുൻപത്തെ സീസണിൽ ക്ലബിനായി മികച്ച പ്രകടനം നടത്തിയ അൽവാരോ വാസ്‌ക്വസ്, പെരേര ഡയസ് എന്നിവരെ വിട്ടു കളഞ്ഞ അബദ്ധം ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ആവർത്തിച്ചില്ല. അതുകൊണ്ടു തന്നെ മികച്ച രീതിയിൽ ടീമിനെ പടുത്തുയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Karolis Skinkys Praise Kerala Blasters Player Dimitrios Diamantakos