ഇങ്ങിനെയാവണം ഒരു തികഞ്ഞ പ്രൊഫെഷണൽ, എല്ലാം വിശദീകരിച്ച് ക്ഷമാപണം നടത്തി ലയണൽ മെസി | Lionel Messi

പിഎസ്‌ജിയുടെ സമ്മതമില്ലാതെ സൗദി അറേബ്യയിലേക്ക് ടൂറിസം പ്രമോഷന്റെ ഭാഗമായി പോയതിന്റെ പേരിലുണ്ടായ വിവാദങ്ങളിലും അതിന്റെ പേരിൽ ക്ലബ് തന്നെ സസ്‌പെൻഡ് ചെയ്‌തതിലും പ്രതികരിച്ചു. തീർത്തും പ്രൊഫെഷനലായ രീതിയിൽ മെസി നടത്തിയ പ്രതികരണത്തിൽ അങ്ങിനെ സംഭവിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചു പറയുകയും താൻ ചെയ്‌ത പ്രവൃത്തിയിൽ ക്ഷമാപണം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. ക്ലബിനെയോ ആരാധകരെയോ വിമർശിക്കാൻ താരം തയ്യാറായിട്ടില്ല.

“എല്ലാ മത്സരത്തിനു ശേഷവും ഉണ്ടാകാറുള്ളതു പോലെ ഒരു ദിവസം അവധിയാണ് എന്നാണ് ഞാൻ കരുതിയത്. ഈ യാത്രയുടെ എല്ലാ കാര്യങ്ങളും നേരത്തെ സജ്ജീകരിച്ചു കഴിഞ്ഞതിനാൽ എനിക്കത് റദ്ദാക്കാൻ കഴിയുമായിരുന്നില്ല. ഇതിനു മുൻപ് ഞാനത് റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്റെ സഹതാരങ്ങളോട് ഞാൻ ക്ഷമാപണം നടത്തുന്നു, ക്ലബ് എനിക്കെതിരെ എടുക്കുന്നത് എന്ത് നടപടിയായാലും അതിനെ കാത്തിരിക്കുകയാണ്.” മെസി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

ലയണൽ മെസി സൗദി അറേബ്യയിലേക്കു യാത്ര ചെയ്യാനുള്ള സജ്ജീകരണങ്ങൾ നടത്തി വിമാനത്തിൽ ഇരിക്കുമ്പോഴാണ് പിഎസ്‌ജി ട്രെയിനിങ് സെഷൻ തീരുമാനിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതേക്കുറിച്ച് യാതൊരു പ്രതികരണവും നടത്താൻ മെസി തയ്യാറായില്ല. അതു പറഞ്ഞാൽ നടപടിയെടുത്ത ക്ലബ്ബിനെ പ്രതിരോധത്തിലാക്കുമെന്ന് അറിയുന്നത് കൊണ്ടാവാം മെസി പ്രതികരിക്കാതിരുന്നത്.

ലയണൽ മെസി ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ പിഎസ്‌ജി താരത്തിന്റെ പേരിലെടുത്ത നടപടിയിൽ മാറ്റം വരുത്തുമോ എന്നറിയില്ല. നിലവിൽ രണ്ടാഴ്ച്ചത്തെ സസ്പെൻഷനാണ് മെസിക്ക് പിഎസ്‌ജി നൽകിയിട്ടുള്ളത്. മാപ്പു പറഞ്ഞതോടെ നടപടിയിൽ ഇളവ് വരുത്താൻ പിഎസ്‌ജിക്കു മേൽ സമ്മർദ്ദമുണ്ടാകാൻ സാധ്യതയുണ്ട്. ലയണൽ മെസിയെപ്പോലൊരു താരം അബദ്ധത്തിൽ ചെയ്‌ത കാര്യത്തിന് നടപടി എടുത്തതിന്റെ പേരിൽ ഇപ്പോൾ തന്നെ ക്ലബിനെതിരെ വിമർശനമുണ്ട്.

Lionel Messi Apologizes To PSG And Teammates For Saudi Arabia Trip