സത്യം മെസിക്കറിയാം, താരത്തിന്റെ ഭാവിയെപ്പറ്റി എന്നാണു തീരുമാനമാവുകയെന്നു വ്യക്തമാക്കി അർജന്റീനിയൻ മാധ്യമപ്രവർത്തകൻ | Lionel Messi

ലയണൽ മെസി പിഎസ്‌ജിയിൽ നിന്നും പുറത്തു പോകുന്നതിന്റെ അരികിലാണ്. സൗദി അറേബ്യ സന്ദർശനവും അതിന്റെ പേരിലുണ്ടായ വിവാദങ്ങളും കാരണം താരത്തെ രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തെങ്കിലും അതിനു ശേഷം തനിക്ക് സംഭവിച്ച തെറ്റിൽ താരം മാപ്പ് പറഞ്ഞിരുന്നു. ക്ലബിന്റെ ഏതു നടപടികളും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മെസി പറഞ്ഞെങ്കിലും നിലവിൽ ക്ലബ് നൽകിയ ശിക്ഷയിൽ ഇളവുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മാപ്പു പറഞ്ഞെങ്കിലും തനിക്കെതിരായ ശിക്ഷാനടപടിയെ നിസാരമായി കാണാൻ മെസി തയ്യാറല്ല. അതിനുള്ള പ്രധാന കാരണം ക്ലബ്ബിനെ ധിക്കരിച്ചു കൊണ്ട് സൗദിയിലേക്ക് യാത്ര പോയെന്ന കാരണം കൊണ്ട് മാത്രമല്ല ഈ നടപടി വന്നതെന്ന് മെസിക്ക് വ്യക്തമായ ധാരണയുണ്ടെന്നതാണ്. ഖത്തർ ലോകകപ്പിന് ശേഷം മെസിക്ക് പിഎസ്‌ജി പുതിയ കരാർ നൽകിയെങ്കിലും താരം അതൊപ്പിടാൻ തയ്യാറായില്ല. ഇത് പിഎസ്‌ജിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് മെസിക്ക് നന്നായി അറിയാം.

അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുലാണ് മെസിയുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. അതിനു പുറമെ മെസിയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ എന്നാണു വ്യക്തത ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ജൂൺ മാസത്തിൽ ഏഷ്യയിൽ വെച്ച് അർജന്റീന അന്താരാഷ്‌ട്ര സൗഹൃദമത്സരങ്ങൾ കളിക്കുന്നുണ്ട്. അതിനു മുൻപ് തന്നെ ലയണൽ മെസി ഏതു ക്ലബിലേക്കാണ് അടുത്തത് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് അദ്ദേഹം പറയുന്നത്.

ലയണൽ മെസി പരിഗണിക്കുന്നത് ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറാണ്. താരത്തെ സ്വന്തമാക്കാൻ ലാ ലിഗ ക്ലബും ശ്രമം നടത്തുന്നുണ്ടെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധി അതിനൊരു തടസം തന്നെയാണ്. ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ കഴിഞ്ഞില്ലെങ്കിൽ യൂറോപ്പിൽ നിന്ന് തന്നെയുള്ള മികച്ച ഓഫറുകൾ മെസി പരിഗണിക്കും. എന്നാൽ ഏതു ടീമിലേക്കാവും മെസി ചേക്കേറുകയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.

Lionel Messi Future Will Be Decided Before International Friendly