അർജന്റീനക്കായി മെസി പിഎസ്‌ജി വിടുന്നു, ടീമിൽ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ട് താരം

ലോകകപ്പ് അടുത്തിരിക്കെ നിരവധി താരങ്ങൾക്ക് പരിക്കേൽക്കുന്ന സാഹചര്യത്തിൽ പിഎസ്‌ജി കരാറിലെ അർജന്റീന ക്ലോസുപയോഗിക്കാൻ ലയണൽ മെസി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ക്ലബുമായി കരാർ ഒപ്പിടുമ്പോൾ തന്നെ ക്ലബ് മത്സരങ്ങളെക്കാൾ ദേശീയ ടീമിന്റെ കളികളാണ് പരിഗണിക്കുകയെന്ന ഉടമ്പടി ലയണൽ മെസി കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു പ്രകാരം ദേശീയ ടീമിന്റെ മത്സരങ്ങൾ വരുമ്പോൾ നേരത്തെ തന്നെ ക്ലബ് വിടാൻ ലയണൽ മെസിക്ക് കഴിയും.

അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ട്സിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി കരാറിലുള്ള അർജന്റീന ക്ലോസ് ലയണൽ മെസി ലോകകപ്പിന് മുൻപ് ഉപയോഗിക്കും. അത് നടപ്പിൽ വരുത്തുന്നതോടെ ലോകകപ്പിനു മുൻപുള്ള പിഎസ്‌ജിയുടെ അവസാനത്തെ മത്സരം ലയണൽ മെസിക്ക് കളിക്കേണ്ടി വരില്ല. അതിനു മുൻപേ തന്നെ പിഎസ്‌ജി വിട്ട് അർജന്റീനിയൻ ക്യാംപിൽ എത്തുന്നതിനും ലോകകപ്പിനായി തയ്യാറെടുക്കാനും മെസിക്ക് കഴിയും.

ലോകകപ്പിനു തൊട്ടു മുൻപേ പരിക്കേൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ലയണൽ മെസി തന്റെ റിലീസിംഗ് ക്ലോസ് ഉപയോഗിക്കാൻ നോക്കുന്നത്. നിലവിൽ തന്നെ നിരവധി അർജന്റീന താരങ്ങൾ ലോകകപ്പ് അടുത്തിരിക്കെ പരിക്കിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്. ഇതിൽ പൗലോ ഡിബാല, ജിയോ ലോ സെൽസോ എന്നിവർക്ക് ലോകകപ്പ് നഷ്‌ടമാകാനുള്ള സാധ്യതയും നിലവിലുണ്ട്. മെസിക്ക് പരിക്കു പറ്റിയാൽ അർജന്റീനയുടെ മൊത്തം പ്രകടനത്തെയും അതു ബാധിക്കുമെന്നതു കൊണ്ടാണ് താരം അതിനുള്ള മുൻകരുതൽ എടുക്കുന്നത്.

ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന. മുപ്പത്തിയഞ്ചു മത്സരങ്ങളായി പരാജയം അറിയാതെ കുതിക്കുന്ന അവരുടെ പ്രധാന കരുത്ത് ലയണൽ മെസിയാണ്. ഈ സീസണിൽ തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നതും. അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾ തന്നെ മെസിയെ ചുറ്റിപറ്റിയാണ് നിൽക്കുന്നത്. അതിനു പുറമെ ഇത് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് ആയതിനാലും ടൂർണമെന്റിൽ പങ്കെടുക്കേണ്ടത് മെസിക്ക് നിർബന്ധമാണ്.