നാപ്പോളിയുടെ വിജയക്കുതിപ്പ് ലിവർപൂൾ അവസാനിപ്പിച്ചു, അത്ലറ്റികോ മാഡ്രിഡിനു യൂറോപ്പ ലീഗ് യോഗ്യത പോലുമില്ല

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈ സീസണിൽ മികച്ച ഫോമിൽ കുതിക്കുന്ന നാപ്പോളിയെ കീഴടക്കി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയം നേടിയത്. ഈ സീസണിൽ ആദ്യമായാണ് നാപ്പോളി ഒരു മത്സരത്തിൽ പരാജയം ഏറ്റു വാങ്ങുന്നത്. ലിവർപൂൾ ഈ സീസണിൽ മികച്ച ഫോമിലല്ലെങ്കിലും നാപ്പോളിയെ കീഴടക്കിയത് അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. മൊഹമ്മദ് സലാ ഡാർവിൻ നുനസ് എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. തോറ്റെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി നാപ്പോളി നോക്ക്ഔട്ടിലെത്തിയപ്പോൾ ലിവർപൂൾ രണ്ടാമതാണ്.

മറ്റൊരു മത്സരത്തിൽ പോർട്ടോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി അത്ലറ്റികോ മാഡ്രിഡ് യൂറോപ്പ ലീഗ് യോഗ്യത പോലും നേടാൻ കഴിയാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡ് പോർട്ടോയോട് തോൽവി വഴങ്ങിയത്. മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ അത്ലറ്റികോ മാഡ്രിഡിന് യൂറോപ്പ ലീഗ് കളിക്കാമായിരുന്നു. പോർട്ടോ, ക്ലബ് ബ്രുഗെ എന്നിവർ ഗ്രൂപ്പിൽ നിന്നും ചാമ്പ്യൻസ് ലീഗിലെത്തിയപ്പോൾ മൂന്നാം സ്ഥാനക്കാരായി ബയേർ ലെവർകൂസനാണ് യൂറോപ്പ ലീഗ് യോഗ്യത നേടിയത്.

ഗ്രൂപ്പ് ഡിയിൽ നടന്ന നിർണായക മത്സരത്തിൽ മാഴ്‌സക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് ടോട്ടനം ഹോസ്‌പർ വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി ടോട്ടനം നോക്ക്ഔട്ടിലിടം നേടി. എംബെബ മാഴ്‌സയുടെ ആദ്യത്തെ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ക്ലെമന്റ് ലെങ്ലേറ്റ് ഇഞ്ചുറി ടൈമിൽ ഹോയ്‌ബെർഗ് എന്നിവരാണ് ടോട്ടനത്തിന്റെ വിജയഗോളുകൾ നേടിയത്. ഗ്രൂപ്പിൽ ടോട്ടനം ഒന്നാമതെത്തിയപ്പോൾ എയ്‌ന്ത്രാഷട് ഫ്രാങ്ക്ഫർട്ട് രണ്ടാമതെത്തി. സ്പോർട്ടിങ് ലിസ്ബൺ യൂറോപ്പ ലീഗ് യോഗ്യത നേടിയപ്പോൾ മാഴ്‌സ അവസാന സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ബാഴ്‌സലോണ അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച വിജയം നേടുകയുണ്ടായി. വിക്ടോറിയ പ്ലെസനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ക്ലബ് വിജയം നേടിയത്. സ്പാനിഷ് താരം ഫെറൻ ടോറസ് ബാഴ്‌സലോണക്കായി ഇരട്ടഗോളുകൾ നേടിയപ്പോൾ മാർക്കോസ് അലോൺസോ, പാബ്ലോ ടോറെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി ബാഴ്‌സലോണ ഈ സീസണിൽ യൂറോപ്പ ലീഗിലാണ് കളിക്കുക.

മറ്റൊരു മത്സരത്തിൽ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ആധികാരികമായി പ്രീ ക്വാർട്ടർ ഫൈനലിലെത്തി. ഗ്രൂപ്പിലെ എല്ലാ മത്സരത്തിലും വിജയം നേടിയാണ് ബയേൺ മ്യൂണിക്ക് നോക്ക്ഔട്ടിൽ എത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ബെഞ്ചമിൻ പവാർഡും എറിക് മാക്‌സിം ചുപ്പാ മോട്ടിങ്ങുമാണ് ബയേൺ മ്യൂണിക്കിന്റെ ഗോളുകൾ നേടിയത്. ബയേൺ പതിനെട്ടു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായപ്പോൾ പത്ത് പോയിന്റ് നേടി ഇന്റർ മിലാനും നോക്ക്ഔട്ടിൽ ഇടം പിടിച്ചു.