ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാത്ത ഒരേയൊരു ടീം, അലോൺസോയുടെ ലെവർകൂസൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു | Xabi Alonso

ലിവർപൂൾ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും കളിച്ച് ഐതിഹാസികമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ സാബി അലോൺസോ കഴിഞ്ഞ സീസണിലാണ് ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനായി സ്ഥാനമേറ്റെടുക്കുന്നത്. അലോൺസോ സ്ഥാനമേറ്റെടുക്കുമ്പോൾ എട്ടു മത്സരങ്ങളിൽ നിന്നും വെറും അഞ്ചു പോയിന്റ് മാത്രം നേടി പതിനേഴാം സ്ഥാനത്താണ് ലെവർകൂസൻ ഉണ്ടായിരുന്നത്.

എന്നാൽ അലോൺസോ സ്ഥാനമേറ്റെടുത്തതിന് ശേഷം ബയേർ ലെവർകൂസനിൽ കാണിച്ചതിനെ മാജിക്ക് എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ കഴിയില്ല. റയൽ സോസിഡാഡ് ബിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ബയേർ ലെവർകൂസനിൽ എത്തിയ അദ്ദേഹം അവസാനസ്ഥാനങ്ങളിൽ കിടന്നിരുന്ന ടീമിനെ സീസൺ അവസാനിച്ചപ്പോൾ ലീഗിൽ ആറാം സ്ഥാനത്തെത്തിച്ച് ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്തു. അതൊരു തുടക്കമായിരുന്നുവെന്ന് ഈ സീസണിലാണ് കൂടുതൽ വ്യക്തമാകുന്നത്.

ഈ സീസണിൽ ജർമൻ ലീഗിലെ പതിനാറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് സാബി അലോൻസോയുടെ ബയേർ ലെവർകൂസനാണ്. പതിനാറു മത്സരങ്ങളിൽ നിന്നും പതിമൂന്നു ജയവും മൂന്നു സമനിലയും സ്വന്തമാക്കിയ ടീം ഇതുവരെ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ലെന്ന് അറിയുമ്പോഴാണ് അലോൺസോ ടീമിൽ കാണിച്ച് മാന്ത്രികവിദ്യ എത്ര മികച്ചതാണെന്ന് വ്യക്തമാവുക. യുവേഫ യൂറോപ്പ ലീഗിൽ ആറു മത്സരങ്ങൾ കളിച്ച ടീം അതിൽ മുഴുവൻ വിജയം സ്വന്തമാക്കിയാണ് ഗ്രൂപ്പിൽ നിന്നും മുന്നേറിയത്.

യുവതാരങ്ങളെ അണിനിരത്തിയാണ് സാബി അലോൺസോ ബയേർ ലെവർകൂസനൊപ്പം തന്റെ മാജിക്ക് കാണിക്കുന്നത്. പത്ത് ഗോളുകൾ നേടിയ വിക്ടർ ബോണിഫസ്, ഏഴു ഗോളുകൾ നേടിയ പ്രതിരോധതാരം അലസാന്ദ്രോ ഗ്രിമാൾഡോ, അഞ്ചു ഗോളുകൾ വീതം നേടിയ ഫ്ളോറിൻ വിറ്റ്സ്, ഹോഫ്‌മാൻ ഫ്രിങ്പോങ് എന്നിവരെല്ലാം അലോൻസോയുടെ പ്രധാനികളാണ്. മധ്യനിരയിൽ അർജന്റീന താരമായ പലാസിയോസ്, ഗ്രാനിത് ഷാക്ക, എന്നിവരും ഗംഭീര പ്രകടനമാണ് നടത്തുന്നത്.

നിലവിൽ ലീഗിൽ ഏറ്റവും ആകർഷകമായ ഫുട്ബോൾ കളിക്കുന്ന ടീം കൂടിയാണ് ബയേർ ലെവർകൂസൻ. വേഗതയുള്ള വിങ്ങർമാരായ ഫ്രിങ്പോങ്, ഗ്രിമാൾഡോ എന്നിവർ മികച്ച മുന്നേറ്റങ്ങൾ കൊണ്ട് എതിരാളികളെ ബുദ്ധിമുട്ടിക്കുമ്പോൾ ഷാക്ക മധ്യനിരയിൽ തന്റെ പരിചയസമ്പത്ത് കൃത്യമായി കാണിക്കുന്നു. ബെഞ്ചിലിരിക്കുന്ന താരങ്ങൾ വരെ അലോൻസോയുടെ കീഴിൽ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കഴിഞ്ഞ മത്സരത്തിൽ ഇറങ്ങി ആദ്യപകുതിയിൽ തന്നെ ഹാട്രിക്ക് നേടിയ പാട്രിക്ക് ഷിക്ക് തെളിയിക്കുന്നു.

ജോനാഥൻ താഹ്, ടാപ്‌സോബ എന്നിവരടങ്ങിയ പ്രതിരോധവും വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. അലോൻസോയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ജനുവരിയിലാണ് വരാനിരിക്കുന്നത്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നടക്കുന്നതിനാൽ ടീമിന്റെ സ്‌ട്രൈക്കറായ ബോണിഫസ് ഉൾപ്പെടെ അഞ്ചു താരങ്ങളെ അദ്ദേഹത്തിന് നഷ്‌ടമാകും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ആഫ്രിക്കൻ താരങ്ങളില്ലാതെയും തനിക്ക് ടീമിനെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ജർമനിയിൽ അലോൺസോ നടത്തിയ ഈ മാജിക്ക് താരത്തിന്റെ മുൻ ക്ലബുകളുടെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ആൻസലോട്ടിയുടെ പകരക്കാരനെ അന്വേഷിക്കുന്ന റയൽ മാഡ്രിഡും ക്ളോപ്പിനു ശേഷം ഇനിയാര് എന്ന ചോദ്യം നേരിടുന്ന ലിവർപൂളും ലെവർകൂസന് പിന്നിലായിപ്പോയ ബയേനുമെല്ലാം അലോൻസോയെ നോട്ടമിടുന്നുണ്ട്. ഇതിനു പുറമെയും പല ക്ളബുകൾക്കും അദ്ദേഹത്തിൽ താൽപര്യമുണ്ട്. എന്നാൽ കളിച്ച ടീമിനൊപ്പമെല്ലാം ഐതിഹാസികമായ പ്രകടനം നടത്തിയ അദ്ദേഹം തന്റെ ഭാവിയെക്കുറിച്ച് യാതൊരു സൂചനയും നൽകിയിട്ടില്ല.

Xabi Alonso Doing Magic With Bayer Leverkusen