“ഇതു മെസിയുടെ പിൻഗാമി തന്നെ”- എട്ടോളം താരങ്ങളെ വെട്ടിച്ച് ബയേൺ താരത്തിന്റെ അത്ഭുതഗോൾ

ലയണൽ മെസിയുടെ പിൻഗാമിയായും ഇനി ലോകഫുട്ബോൾ ഭരിക്കാൻ കഴിയുന്ന താരമായും അറിയപ്പെടുന്ന കളിക്കാരനാണ് ജമാൽ മുസിയാല. ചെറുപ്പത്തിൽ ലയണൽ മെസി ചെയ്‌തിരുന്നതു പോലെയുള്ള അസാമാന്യമായ ഡ്രിബ്ലിങ് പാടവവമാണ് താരത്തെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കിയത്. ബയേൺ മ്യൂണിക്കിന് വേണ്ടിയും കഴിഞ്ഞ ലോകകപ്പിൽ ജർമൻ ഫുട്ബോൾ ടീമിന് വേണ്ടിയുമെല്ലാം തന്റെ ഡ്രിബ്ലിങ് അടക്കമുള്ള കഴിവുകൾ താരം പ്രകടിപ്പിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിന് വേണ്ടി ജമാൽ മുസിയാല നേടിയ ഗോളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വോൾസ്ബർഗിനെതിരെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയിരുന്നു. ഈ മത്സരത്തിൽ മുസിയാലയാണ് ബയേൺ മ്യൂണിക്കിന്റെ നാലാമത്തെ ഗോൾ നേടിയത്. അസാധാരണമായ ഗോളെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നു തന്നെയാണ് താരത്തിന്റെ ബൂട്ടിൽ നിന്നും എഴുപത്തിമൂന്നാം മിനുട്ടിൽ പിറന്നത്.

വലതു വിങ്ങിൽ പവാർദിൽ നിന്നും പന്ത് സ്വീകരിച്ച താരം മൂന്നു എതിർടീം താരങ്ങളെ ഒറ്റയടിക്ക് വെട്ടിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് കയറി. അവിടെ നിന്നും ബോക്‌സിലേക്കുള്ള നീക്കത്തിനിടയിൽ അഞ്ചു വോൾസ്ബർഗ് താരങ്ങളെയാണ് മുസിയാല മറികടന്നത്. ബോക്‌സിലെത്തിയ താരം വളരെ നിസാരമായി ഗോൾകീപ്പറെ മറികടന്ന് ഗോൾ സ്വന്തമാക്കി. സീസണിൽ താരത്തിന്റെ പത്താം ഗോളായിരുന്നു പിറന്നത്.

മുസിയാലയുടെ ഗോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനൊപ്പം വിജയം ബയേൺ മ്യൂണിക്കിന്റെ ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. 2023ൽ ആദ്യത്തെ മത്സരത്തിലാണ് ബയേൺ വിജയം നേടുന്നത്. ഇത് ബുണ്ടസ്‌ലീഗ കിരീടപ്പോരാട്ടത്തിൽ അവർക്ക് ആത്മവിശ്വാസം നൽകും. അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ബയേണിന് നേരിടാനുള്ളത് ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയെയാണ്. ആ മത്സരത്തിനുള്ള ഊർജ്ജം ലഭിക്കാനും ഈ മത്സരത്തിലെ മികച്ച വിജയം സഹായിക്കും.