റൊണാൾഡോയുടെ സാന്നിധ്യം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്ന് ബ്രസീലിയൻ താരം ഗുസ്‌താവോ

യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം ഏവരെയും ആശ്ചര്യപ്പെടുത്തിയ കാര്യമാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്ന റൊണാൾഡോക്ക് യൂറോപ്യൻ ഫുട്ബോളിൽ ഇനിയും തിളങ്ങാൻ കഴിയുമായിരുന്നിട്ടും അവിടം വിടാൻ താരം തീരുമാനിക്കുകയായിരുന്നു. റെക്കോർഡ് തുകയുടെ കരാറൊപ്പിട്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദിയിലെത്തിയത്.

അൽ നസ്ർ ക്ലബ്ബിലേക്ക് ചേക്കേറിയ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ ടീമിന് വേണ്ടി തന്റെ ആദ്യത്തെ ഗോൾ നേടിയിരുന്നു. പെനാൽറ്റിയിലൂടെ നേടിയ ആ ഗോളിൽ ടീമിന്റെ പരാജയം ഒഴിവാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം റൊണാൾഡോയുടെ സാന്നിധ്യം അൽ നസ്റിന് കൂടുതൽ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നാണ് ടീമിലെ ബ്രസീലിയൻ താരമായ ലൂയിസ് ഗുസ്‌താവോ പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കി.

“റൊണാൾഡോയുടെ സാന്നിധ്യം ഞങ്ങൾക്ക് കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കിയെന്നത് തീർച്ചയായ കാര്യമാണ്. എല്ലാ ടീമുകളും താരത്തിനെതിരെ ഏറ്റവും മികച്ച രീതിയിൽ തന്നെ തയ്യാറെടുക്കാൻ ശ്രമിക്കും. താരം എതിർടീമിലുള്ളത് അവർക്ക് കൂടുതൽ മികച്ച പ്രകടനം നടത്താനുള്ള പ്രചോദനവും നൽകും.” യൂറോപ്പിലെ ബയേൺ മ്യൂണിക്ക്, വോൾസ്ബർഗ്, മാഴ്‌സ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ബ്രസീലിയൻ മധ്യനിര താരം പറഞ്ഞു.

അതേസമയം സൗദി പോലെയൊരു ലീഗിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യത്തെ ഏതാനും മത്സരങ്ങളിൽ തീർത്തും പതറിയ താരം ഗോൾ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മത്സരങ്ങളിൽ സുവർണാവസരങ്ങൾ വരെ താരം നഷ്‌ടപ്പെടുത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താരത്തിന്റെ ഒരു ഗംഭീര തിരിച്ചുവരവാണ് ആരാധകർ കാത്തിരിക്കുന്നത്.