തിരിച്ചടിച്ച് ലൂണയും രാഹുലും, ആദ്യം ഞെട്ടിയെങ്കിലും പിന്നീട് വിജയം കുറിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിനായി പൊരുതുന്ന ബ്ലാസ്റ്റേഴ്‌സിനു നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി ആദ്യപകുതിയിൽ ലൂണയും രണ്ടാം പകുതിയിൽ രാഹുലുമാണ് ഗോളുകൾ നേടിയത്. ചെന്നെയിന്റെ ഗോൾ എൽ ഖയാതിയുടെ വകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈയിൻ എഫ്‌സി ലീഡെടുത്തു. ഇന്ന് പിറന്നാളാഘോഷിക്കുന്ന നാസർ എൽ ഖയാതിയാണ് മനോഹരമായ ഫിനിഷിംഗിലൂടെ ഗോൾ നേടിയത്. അപ്രതീക്ഷിത ഗോളിൽ ഒന്ന് ഞെട്ടിയെങ്കിലും അതിൽ നിന്നും പുറത്തു വന്ന ബ്ലാസ്റ്റേഴ്‌സ് നിരവധി മുന്നേറ്റങ്ങൾ നടത്തി. ചെന്നൈയിൻ ഗോൾകീപ്പറായ സാമിക് മിത്ര നടത്തിയ മികച്ച സേവുകളാണ് തിരിച്ചടിക്കുന്നതിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്.

എന്നാൽ സാമികിന്റെ സേവുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളെ അധിക നേരമൊന്നും തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. മുപ്പത്തിയെട്ടാം മിനുട്ടിൽ അഡ്രിയാൻ ലൂണ അവതരിച്ചു. സഹൽ നടത്തിയ മുന്നേറ്റം ചെന്നെയിൻ പ്രതിരോധം തടഞ്ഞപ്പോൾ തനിക്ക് ലഭിച്ച പന്ത് ഒരു മഴവിൽ കിക്കിലൂടെ യുറുഗ്വായ് താരം വലയിലെത്തിച്ചു. അത്ര നേരം ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങൾ കൊണ്ടു തന്നെ അർഹിച്ച ഗോൾ തന്നെയാണ് ലൂണ നേടിയത്.

രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളോടെയാണ് തുടങ്ങിയതെങ്കിലും ചെന്നെയിനും മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. അറുപത്തിനാലാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. ഒരു ത്രോയിൽ നിന്നും പന്ത് ലഭിച്ച അഡ്രിയാൻ ലൂണ ബോക്‌സിലേക്ക് നൽകിയ ക്രോസ് മികച്ചൊരു ഷോട്ടിൽ വലയിലെത്തിച്ച് രാഹുലാണ്‌ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയതിനു ശേഷം ചെന്നെയിനിന്റെ മുന്നേറ്റങ്ങളായിരുന്നു കൂടുതൽ. എന്നാൽ അതിനെയെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോൾകീപ്പറും കൃത്യമായി തടഞ്ഞു നിർത്തി. ഇടയിൽ ചെറിയ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സും നടത്തിയിരുന്നു. ഇഞ്ചുറി ടൈമിൽ ചെന്നൈയിനു ലഭിച്ച മികച്ചൊരു അവസരം പുറത്തേക്കടിച്ചത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.