മാഞ്ചസ്റ്റർ സിറ്റി നേതൃത്വം കരുതുന്നത് പെപ് ഗ്വാർഡിയോള ഇനി ക്ലബിൽ തുടരില്ലെന്ന്

കഴിഞ്ഞ ദിവസങ്ങളിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ദശാബ്ദത്തിലേറെയായി വമ്പൻ കുതിപ്പ് കാണിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ വരുന്നത്. 2009 മുതലുള്ള ഒൻപതു സീസണുകളിൽ പ്രീമിയർ ലീഗിലെ സാമ്പത്തിക നിയമങ്ങളെ അട്ടിമറിച്ചുവെന്ന ആരോപണമാണ് വന്നത്. സംഭവത്തിൽ മാഞ്ചസ്റ്റർ സിറ്റി തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടാൽ പോയിന്റ് വെട്ടിക്കുറക്കുകയോ പ്രീമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കുകയോ ചെയ്തേക്കാം.

നൂറിലധികം തവണ സാമ്പത്തിക സംബന്ധമായ നിയമങ്ങൾ മാഞ്ചസ്റ്റർ സിറ്റി തെറ്റിച്ചു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ടീമിന്റെ നിലവിലെ പരിശീലകനായ പെപ് ഗ്വാർഡിയോള ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ഉയർന്നു വന്നു. തങ്ങൾക്കെതിരെ ഉണ്ടായ ആരോപണങ്ങളിൽ അത്ഭുതമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തീർത്തും സ്വതന്ത്രമായി നിൽക്കുന്ന ഒരു കമ്മീഷൻ അന്വേഷണം നടത്തി കാര്യങ്ങൾ കണ്ടെത്തണമെന്നുമാണ് മാഞ്ചസ്റ്റർ സിറ്റി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ നേതൃത്വം പെപ് ഗ്വാർഡിയോള ടീമിന്റെ പരിശീലകനായി തുടരില്ലെന്നു തന്നെയാണ് കരുതുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾസ് സൂചിപ്പിക്കുന്നത്.മെയ് 2022ൽ സാമ്പത്തിക നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ക്ലബ് നേതൃത്വം തന്നോട് നുണ പറഞ്ഞുവെന്നു ബോധ്യപ്പെട്ടാൽ അവർക്കൊപ്പം പിന്നീട് തുടരില്ലെന്നാണ് ഗ്വാർഡിയോള വെളിപ്പെടുത്തിയിരുന്നത്.

അതേസമയം തങ്ങൾക്ക് അനുകൂലമായൊരു കണ്ടെത്തൽ ഉണ്ടായാൽ ഗ്വാർഡിയോള തുടരുമെന്ന പ്രതീക്ഷയും മാഞ്ചസ്റ്റർ സിറ്റി നേതൃത്വത്തിനുണ്ട്. ആരോപണങ്ങൾ പരസ്യമാകുന്നതിനു മുൻപ് തന്നെ സിറ്റി നേതൃത്വം ഗ്വാർഡിയോളയെ അറിയിച്ചിരുന്നു. ഇതിനു മുൻപ് 2020ൽ മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയ സമയത്ത് ഗ്വാർഡിയോള ക്ലബിനൊപ്പം തന്നെ നിൽക്കുകയാണുണ്ടായത്. അഞ്ചു മാസങ്ങൾക്ക് ശേഷം കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്ട് ഈ വിലക്ക് നീക്കം ചെയ്‌തു.