ടീമിലെ താരങ്ങളെ തോൽപ്പിക്കുന്ന പന്തടക്കം, ആരാധകരെ ഞെട്ടിച്ച ഇവാന്റെ ഫസ്റ്റ് ടച്ച്

ചെന്നൈയിൻ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ആഞ്ഞടിച്ച ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. രണ്ടാം മിനുട്ടിൽ തന്നെ ചെന്നൈയിൻ എഫ്‌സി മുന്നിലെത്തിയെങ്കിലും ആദ്യപകുതിയിൽ അഡ്രിയാൻ ലൂണയും രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണയുടെ തന്നെ അസിസ്റ്റിൽ രാഹുൽ കെപിയും നേടിയ ഗോളുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ വിജയം നേടിയത്.

ആവേശകരമായ ഒട്ടനവധി നിമിഷങ്ങൾ കൊണ്ട് സമ്പുഷ്ടമായ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചെന്നൈയിൻ എഫ്‌സി നേടിയ ഗോളും അതിനു ശേഷം തുടർച്ചയായി തിരിച്ചടിച്ചു കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളെ ഗോൾകീപ്പർ തടഞ്ഞു നിർത്തിയതും ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയതുമെല്ലാം ആരാധകർക്ക് ആവേശം നൽകിയിരുന്നു. ഇതിനെല്ലാം പുറമെ മത്സരത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു നിമിഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും സമ്മാനിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇവാൻ നടത്തിയ ഫസ്റ്റ് ടച്ചാണ്‌ ആരാധകരിൽ പലർക്കും അത്ഭുതമായത്. ഫീൽഡിൽ നിന്നും ഒരു താരം അടിച്ച പന്ത് ഡഗ് ഔട്ടിൽ നിൽക്കുകയായിരുന്ന വുകോമനോവിച്ചിന്റെ നേരെയാണ് വന്നത്. തന്റെ നേർക്ക് വന്ന പന്ത് ഒന്നൊതുങ്ങിയ ശേഷം വലതു കാലിൽ കൃത്യമായി നിയന്ത്രിച്ചതിനു ശേഷം അദ്ദേഹം പിടിച്ചെടുത്ത് കളിക്കാരന് കൈമാറി. തന്റെ പന്തടക്കം എത്ര മനോഹരമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആരാധകർക്ക് കാണിച്ചു തന്ന നിമിഷം കൂടിയായിരുന്നു അത്.

ഇത്രയും മികച്ച കഴിവുകളുള്ള ഒരു താരം പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുന്നതിൽ യാതൊരു അത്ഭുതവുമില്ലെന്നാണ് മത്സരത്തിന് ശേഷം ആരാധകർ പറയുന്നത്. വിജയത്തോടെ പ്ലേ ഓഫിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഒരു ചുവടു കൂടി അടുത്തിട്ടുണ്ട്. ഇനി മൂന്നു മത്സരങ്ങൾ കൂടി ലീഗിൽ ബാക്കി നിൽക്കെ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു, എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എന്നീ ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടാനുള്ളത്.