“അടുത്ത തവണ മത്സരത്തിനുള്ള റഫറീസിനെ കൂടി ഒപ്പം കൂട്ടാം”- കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ നേരിടാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്. കൊൽക്കത്തയിൽ വെച്ച് നടന്ന കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി വഴങ്ങിയതിന്റെ നിരാശയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തിൽ വിജയം നേടി വേണം പ്ലേ ഓഫിലേക്ക് മുന്നേറാനുള്ള ആത്മവിശ്വാസം വീണ്ടെടുക്കാൻ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചെന്നൈയിൻ എഫ്‌സി ആരാധകരും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ സോഷ്യൽ മീഡിയ വഴിയും മൈതാനത്തെ ചാന്റുകൾ വഴിയും ഉണ്ടാകാറുണ്ട്. എന്നാൽ ആരാധകർക്കിടയിൽ ഉണ്ടാകുന്ന തർക്കവും വൈരിയുമൊന്നും ടീമുകൾ തമ്മിലില്ലെന്നാണ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ അതൊരു വ്യത്യസ്‌തമായ വികാരമാണ്. ഞങ്ങൾ ഒരുമിച്ച് ഒരു ഹോട്ടലിലാണ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സിയുടെയും നമ്മുടെ ക്ലബിലെയും താരങ്ങൾ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചത്. ഞങ്ങൾ ടെക്‌നിക്കൽ സ്റ്റാഫിന്റെ കൂടെയാണ് ഇരുന്നത്.” വുകോമനോവിച്ച് പറഞ്ഞു. അതേസമയം അത് ശരിയായ കാര്യമായി അദ്ദേഹം കരുതുന്നില്ല. മത്സരത്തിന് മുൻപേ രണ്ടു ടീമിലെ താരങ്ങളെയും ഒരുമിച്ച് നിർത്തുന്നത് വിചിത്രമായി തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇതുപോലെയൊരു മത്സരത്തിന് രണ്ടു ദിവസം ഒപ്പമുണ്ടാകുന്നത് തമാശ പോലെയാണ് തോന്നുന്നത്. ചിലപ്പോൾ നാളെ ഞങ്ങൾ എല്ലാവർക്കും വേണ്ടി ഒരൊറ്റ മീറ്റിങ് സംഘടിപ്പിച്ചേക്കാം. ചിലപ്പോൾ ഞങ്ങൾ ഒരു ബസിൽ ഒരുമിച്ച് സ്റ്റേഡിയത്തിലേക്ക് പോയേക്കാം. അടുത്ത തവണ നമുക്ക് എല്ലാ റഫറിമാരെയും കൂടെ കൂട്ടാം. എന്നിട്ട് എല്ലാം ഒരുമിച്ച് പദ്ധതികൾ തയ്യാറാക്കി, ഒരുമിച്ച് സ്റ്റേഡിയത്തിലേക്ക് പോകാം.” വുകോമനോവിച്ച് കളിയാക്കലിന്റെ ഭാഷയിൽ പറഞ്ഞു.