ഇന്ത്യൻ ടീമിൽ നല്ല കളിക്കാർ ഉണ്ടാകണമെന്ന് ക്രിസ്റ്റൽ ജോൺ ആഗ്രഹിക്കുന്നുണ്ടാകില്ല, റഫറിക്കെതിരെ മോഹൻ ബഗാൻ പരിശീലകൻ | Juan Ferrando

ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദറഫറിമാരിൽ ഒരാളായ ക്രിസ്റ്റൽ ജോണിനെതിരെ പരോക്ഷമായ വിമർശനവുമായി മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ. എഫ്‌സി ഗോവക്കെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുമ്പോഴാണ് അദ്ദേഹം റഫറിക്കെതിരെ പരാമർശം നടത്തിയത്. ഗോവക്കെതിരെ ഇറങ്ങുമ്പോൾ പരിക്കുകളെക്കുറിച്ചുള്ള ആശങ്ക പങ്കു വെക്കുകയായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ പ്രസ്‌താവന ഒരു മൈൻഡ് ഗെയിം കൂടിയാണെന്ന് കരുതാം.

“റഫറിമാരുടെ തീരുമാനങ്ങൾ എന്റെ കൈയിലല്ല. കളിക്കാർക അവരുടെ വികാരങ്ങളും ഊർജ്ജവും നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അവരെ നിയന്ത്രിക്കാൻ എനിക്ക് സഹായിക്കാൻ കഴിയും. എന്നാൽ റഫറിമാരുടെയോ എതിരാളികളുടെയോ തീരുമാനങ്ങൾ എന്റെ കൈയിലല്ല, അതിനാൽ ഇതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കളിക്കാർ നാളത്തേയ്ക്ക് തയ്യാറാവുക എന്നത് പ്രധാനമാണ്, കാർഡുകളെ ഭയപ്പെടരുത്.”

“ഞങ്ങൾക്ക് കൂടുതൽ കാർഡുകൾ ലഭിക്കുകയാണെങ്കിൽ, ഞങ്ങൾ മറ്റൊരു പ്ലാൻ കണ്ടെത്തേണ്ടതുണ്ട്, അതല്ലാതെ മറ്റൊന്നും ചെയ്യാൻ സാധ്യമല്ല. ഉദാഹരണത്തിന്, ഈ സീസണിലെ പരിക്കുകൾ നോക്കുകയാണെങ്കി ദേശീയ ടീമിനൊപ്പം ആഷിക്കിന് പരിക്കേറ്റപ്പോൾ, ബസുന്ധരയ്‌ക്കെതിരെ അൻവർ, ഒഡീഷയ്‌ക്കെതിരായ ടാക്കിളുകൾ കാരണം ഗ്ലാൻ, സഹൽ എന്നിവർക്കും പരിക്കേൽക്കുകയുണ്ടായി.”

“ഈ സീസണിലെ എല്ലാ പരിക്കുകൾക്കും പരുക്കൻ ടാക്കിളുകളാണ് കാരണമായത്. കളിക്കാരെ സംരക്ഷിക്കാൻ റഫറികൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്റെ കളിക്കാരെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അത്രമാത്രം, അതിൽ കൂടുതലൊന്നും എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. ഒരുപക്ഷേ ക്രിസ്റ്റൽ ജോൺ നല്ല കളിക്കാർ ദേശീയ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാൽ ഈ കാര്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല.” യുവാൻ ഫെരാണ്ടോ പറഞ്ഞു.

ഫെറാൻഡോയുടെ വാക്കുകൾ റഫറിയെ വിമർശിക്കുന്ന ഒന്നാണെന്നതിലുപരിയായി റഫറിയുടെ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരാൻ വേണ്ടിയുള്ളതു കൂടിയാണ്. ദേശീയ ടീമിന് വേണ്ടി മികച്ച താരങ്ങൾ കളിക്കാൻ റഫറി ആഗ്രഹിക്കുന്നില്ലെന്ന വിമർശനം ഉയർത്തുമ്പോൾ തന്റെ കളിക്കാരെ സംരക്ഷിക്കാൻ അദ്ദേഹം തയ്യാറാകുമെന്ന് ഫെറാണ്ടോ കരുതുന്നുണ്ടാകും. ഒരു പരിശീലകനെന്ന നിലയിൽ റഫറിമാരെ പരോക്ഷമായി സ്വാധീനിക്കാനുള്ള ഒരു മൈൻഡ് ഗെയിം ആയി ഇതിനെ കാണേണ്ടതുണ്ട്.

Juan Ferrando Against ISL Referee Crystal John