വിലക്കിയാലും ഞങ്ങൾ വിമർശനം തുടരും, പുതിയ വഴിയിലൂടെ റഫറിയിങ്ങിനെ കളിയാക്കി ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെ ഒരുപാട് തവണ രംഗത്തു വന്നിട്ടുള്ള പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. റഫറിമാർ നിരന്തരമായ പിഴവുകൾ വരുത്തുന്നതിനെതിരെ ശബ്‌ദിച്ചു കൊണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ സീസണിൽ പ്രതിഷേധത്തിന്റെ ഏറ്റവും ഉയർന്ന രൂപം നടത്തുകയുണ്ടായി. ബെംഗളൂരുവിനെതിരായ മത്സരത്തിൽ റഫറി തെറ്റായി ഒരു ഗോൾ അനുവദിച്ചതിനെ തുടർന്ന് തന്റെ കളിക്കാരെയും കൂട്ടി അദ്ദേഹം മൈതാനം വിട്ടുപോയി.

ഈ പ്രതിഷേധത്തെ തുടർന്ന് ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും പിഴയും ലഭിക്കുകയുണ്ടായി. എങ്കിലും റഫറിമാർക്കെതിരെ അദ്ദേഹം ഈ സീസണിലും വിമർശനങ്ങൾ തുടർന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കിയിരുന്നു. റഫറിയിങ്ങിനെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് അവരുടെ പദ്ധതിയെന്ന് അതിൽ നിന്നും വ്യക്തമാവുകയും ചെയ്‌തു.

എന്നാൽ വിലക്കുകൾക്ക് തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം തെളിയിച്ചു. റഫറിയിങ്ങിനെതിരെ നേരിട്ട് വിമർശനം നടത്തിയാൽ ഇനിയും തനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയുന്നതിനാൽ തന്നെ പരോക്ഷമായ വിമർശനമാണ് അദ്ദേഹം നടത്തിയത്. അത് വളരെ രസകരമായ രീതിയിൽ അദ്ദേഹം നടപ്പിലാക്കിയെന്നതാണ് അദ്ദേഹത്തെ മറ്റു പരിശീലകരിൽ നിന്നും വ്യത്യസ്‌തനാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രബീർ ദാസിന്റെ പിറന്നാളിന് ഇവാൻ വുകോമനോവിച്ച് ആശംസ നൽകിയതിലൂടെയാണ് റഫറിമാരെ അദ്ദേഹം വീണ്ടും പരിഹസിച്ചത്. ട്രൈനിങ്ങിനായി മൈതാനത്തേക്ക് വന്ന അദ്ദേഹം പ്രബീർ ദാസിന്റെ പിറന്നാൾ സമ്മാനമെന്ന നിലയിൽ റഫറി കാർഡ് എടുത്ത് നൽകുന്നതിന്റെ ആംഗ്യമാണ്‌ കാണിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എന്തു ചെയ്‌താലും കാർഡ് നൽകുമെന്ന ഉദ്ദേശത്തിൽ പരിഹസിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇതുപോലെയൊരു ആംഗ്യം കാണിച്ചത്.

എന്തായാലും വിലക്ക് കൊണ്ട് തങ്ങളെ അടക്കി നിർത്താൻ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. റഫറിയിങ് പിഴവുകൾക്കെതിരെ ശബ്‌ദിക്കാൻ ഒരവസരം ലഭിച്ചാൽ അത് എങ്ങനെ മുതലെടുക്കണമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടു തന്നെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കണ്ണിലെ കരടായി അദ്ദേഹം മാറുന്നതും.

Vukomanovic Criticise ISL Referees Again