ഇനി സ്വന്തമാക്കാൻ യാതൊന്നും ബാക്കിയില്ല, ഇരുപത്തിമൂന്നാം വയസിൽ ഫുട്ബോൾ കരിയർ പൂർത്തിയാക്കി ഹൂലിയൻ അൽവാരസ് | Julian Alvarez

കഴിഞ്ഞ ദിവസം ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ട്രെബിൾ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ആദ്യമായാണ് ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ ഗ്വാർഡിയോളക്ക് കീഴിലുള്ള അവിശ്വസനീയമായ കുതിപ്പ് തുടരാനും മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയത് അർജന്റീന താരം ഹൂലിയൻ അൽവാരസ് ആയിരുന്നു. മത്സരത്തിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയെ ഒരു റീബൗണ്ട് ഗോളിലൂടെ മുന്നിലെത്തിച്ച താരം എൺപത്തിയെട്ടാം മിനുട്ടിലും ഒരു ഗോൾ സ്വന്തമാക്കി. ഇതിനു പുറമെ ഫോഡൻ നേടിയ ഗോളിന് അസിസ്റ്റ് നൽകിയതും അൽവാരസ് ആയിരുന്നു. മത്സരത്തിലെ മറ്റൊരു ഗോൾ ഫ്ലുമിനൻസ് താരം നിനോയുടെ വക സെൽഫ് ഗോളായിരുന്നു.

ക്ലബ് ലോകകപ്പിൽ വിജയം സ്വന്തമാക്കിയതോടെ ഇരുപത്തിമൂന്നാം വയസിൽ തന്റെ കരിയർ തന്നെ പൂർത്തിയാക്കിയിരിക്കുകയാണ് അൽവാരസ്. ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. വെറും അഞ്ചു വർഷത്തിനിടെയാണ് അർജന്റീന താരം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ഈ കിരീടങ്ങളെല്ലാം സ്വന്തമാക്കുമ്പോൾ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്താനും അൽവാരസിനു കഴിഞ്ഞു.

റിവർപ്ലേറ്റിന് വേണ്ടി അർജന്റൈൻ ലീഗ്, കോപ്പ അമേരിക്ക, സൂപ്പർകൊപ്പ അർജന്റീന, ട്രോഫി ഡി ചാമ്പ്യൻസ്, റീകോപ്പാ സുഡാമേരിക്കാനോ എന്നിവക്കു പുറമെ ലാറ്റിനമേരിക്കയിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോസും സ്വന്തമാക്കിയാണ് അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നീ നേട്ടങ്ങൾ താരം സ്വന്തമാക്കി.

അർജന്റീന ടീം കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ സ്വന്തമാക്കിയ മൂന്നു കിരീടനേട്ടങ്ങളിലും അൽവാരസിനു വലിയ പങ്കുണ്ടായിരുന്നു. ഇതിനു പുറമെ അർജന്റീന അണ്ടർ 23 ടീമിനൊപ്പം കോൺമെബോൾ പ്രീ ഒളിമ്പിക് ടൂർണമെന്റ് കിരീടവും താരം സ്വന്തമാക്കി. മൊത്തത്തിൽ ഇരുപത്തിമൂന്നു വയസ്സായപ്പോഴേക്കും പതിനാലു കിരീടങ്ങളാണ് ജൂലിയൻ അൽവാരസ് തന്റെ നേട്ടങ്ങളിൽ എഴുതിച്ചേർത്തിരിക്കുന്നത്. സമകാലീന ഫുട്ബോളിൽ ഇതുപോലെയൊരു നേട്ടം മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയില്ല.

തന്റെ ടീമിന് വേണ്ടി ഏറ്റവും ആത്മാർത്ഥമായ പ്രകടനം അൽവാരസ് നടത്തുന്നുവെന്നതാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടിയും കെവിൻ ഡി ബ്രൂയ്ൻ പരിക്കേറ്റു പുറത്തു പോയതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നടത്തിയ പ്രകടനമെല്ലാം അതിനുള്ള തെളിവാണ്. എന്തായാലും ഒരു കാര്യമുറപ്പാണ്. ഇപ്പോൾ ഇരുപത്തിമൂന്നു വയസ് മാത്രം പ്രായമുള്ള താരം കരിയർ അവസാനിപ്പിക്കുമ്പോഴേക്കും നേടുന്ന കിരീടങ്ങളുടെ എണ്ണം അവിശ്വസനീയമായിരിക്കും.

Julian Alvarez Has Completed Football At The Age Of 23